മലയാളികൾ നെഞ്ചോട് ചേർത്തുപിടിച്ച പ്രണയ ജോഡികൾ വീണ്ടും കുടുംബ സദസ്സുകളിലേയ്ക്ക്..- വരുന്നു, ‘സീതപ്പെണ്ണ്’

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം ചർച്ചയായതും സ്വീകാര്യത ലഭിച്ചതുമായ പരമ്പര ആയിരുന്നു സീത. ഫ്ളവേഴ്സ് ടിവിയിലെ ഏറ്റവും ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു ഇത്. ബിഗ് സ്ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് സീതയായി എത്തിയ സ്വാസികയ്ക്കും ഇന്ദ്രനായി എത്തിയ ഷാനവാസിനും ഒട്ടേറെ ആരാധകരെ സമ്മാനിച്ച സീത, അവൈസ്മരണീയമായ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടാണ് അവസാനിച്ചത്.
അനേകം എപ്പിസോഡുകളിലൂടെ മുന്നേറിയ സീത അവസാനിച്ചപ്പോൾ പ്രേക്ഷകരും വളരെയേറെ നിരാശയിലായിരുന്നു. പിന്നീട് മറ്റു സീരിയലുകളിലേക്കും സിനിമയിലേക്കും ഷാനവാസും സ്വാസികയും ചേക്കേറിയെങ്കിലും സീതയും ഇന്ദ്രനുമായി തന്നെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം സീതയും ഇന്ദ്രനും മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് മടങ്ങിയെത്തുകയാണ്.
സീതപ്പെണ്ണ് എന്ന പേരിലാണ് വീണ്ടും ഇരുവരും ഫ്ളവേഴ്സ് ടിവി യിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാർച്ച് 28നാണ് സീതപ്പെണ്ണ് സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. സീതപ്പെണ്ണിന്റെ പ്രൊമോ എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്.
അതേസമയം,നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ താരമാണ് സ്വാസിക വിജയ്. സ്വാസികയ്ക്ക് ഏറ്റവും അംഗീകാരം നേടിക്കൊടുത്തത് സീതയെന്ന സീരിയൽ ആയിരുന്നു. പത്തുവർഷമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വർഷമാണ് സ്വാസികയെ തേടി സംസ്ഥാന പുരസ്കാരത്തിന്റെ രൂപത്തിൽ അംഗീകാരം എത്തിയത്. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസികയെ തേടി പിന്നീട് നിരവധി അവസരങ്ങളുമെത്തി.
Read Also: ഷൈൻ ടോമും വിനായകനും വീണ്ടും ഒന്നിക്കുന്നു; ലിയോ തദേവൂസിന്റെ ‘പന്ത്രണ്ട്’ ഒരുങ്ങുന്നു
സിനിമയിലാണ് തുടക്കമെങ്കിലും സ്വാസിക ജനപ്രിയയായത് സീരിയലിലൂടെയാണ്. അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട് സ്വാസിക.
Story highlights- seethappennu promo