നൃത്തവേദിയിൽ ശോഭനയെ കാത്തിരുന്ന പിറന്നാൾ സർപ്രൈസ്; വിഡിയോ
ഒരു അവിസ്മരണീയ അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രതിഭ തുടങ്ങി ശോഭനയ്ക്ക് മുതൽകൂട്ടായ വിശേഷണങ്ങൾ ധാരാളമാണ്. സമൂഹമാധ്യമങ്ങളിലൂടെ ശോഭനയെന്ന അധ്യാപികയെയും ആരാധകർ അടുത്തറിഞ്ഞുകഴിഞ്ഞു. നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ ശോഭന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ഗംഗ അല്ലെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നും ഓർമ്മകളിൽ നിറയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭനയുടെ ഈ ജന്മദിനം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിൽ നൃത്തം ചെയ്യുകയായിരുന്നു പിറന്നാൾ ദിനത്തിൽ നടി. മാത്രമല്ല, കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിരുവനന്തപുരത്തെ നൃത്തവേദി സജീവമാകുന്നതും ശോഭനയിലൂടെയും നടിയുടെ വിദ്യാർത്ഥികളിലൂടെയുമാണ്. നൃത്തവേദിയിൽ ശോഭനയ്ക്കായി സംഘാടകർ ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. നൃത്തം ചെയ്യുന്നതിനായി വേദിയിലേക്ക് എത്തിയ ശോഭനയ്ക്കായി കേക്കുമായി വിദ്യാർത്ഥികളും എത്തി. അതീവ സന്തോഷത്തോടെ കേക്ക് മുറിച്ച് നന്ദി അറിയിച്ചാണ് നടി ചുവടുവെച്ചത്.
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയും പ്രിയങ്കരിയുമായ നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഏപ്രിൽ 18’ എന്ന ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു ശോഭന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. ഒട്ടേറെ വിശേഷങ്ങൾ ശോഭന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read Also: ‘നറുമുഖയെ നറുമുഖയെ നീയൊരു നാഴിക നില്ലൈ..’- ലാസ്യഭാവങ്ങളിൽ ചുവടുവെച്ച് അപർണ ബാലമുരളി
അടുത്തിടെ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു താരം. ശോഭനയെയും സുരേഷ് ഗോപിയെയും സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവന്നതിന് ജനങ്ങളിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു ചിത്രം.
Story highlights- shobhana suprise birthday celebration