വ്യത്യസ്ത ആകൃതിയിൽ ഒരുങ്ങിയ വീട്, കാഴ്ചക്കാരെ അമ്പരപ്പിച്ച നിർമിതിയ്ക്ക് പിന്നിൽ ചില വിശ്വാസങ്ങളും
വീടുകളിൽ വ്യത്യസ്തത തേടുന്നവർ ഇന്ന് നിരവധിയാണ്. ഇപ്പോഴിതാ അത്തരത്തിൽ നിരവധി വ്യത്യസ്തതകളുമായി കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുന്ന ഒരു വിശ്രമകേന്ദ്രത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. കാഴ്ചയിൽ ഒരു സർപ്പത്തിന്റെ രൂപത്തിന് സമാനമായ രീതിയിലാണ് ഈ കെട്ടിടം ഒരുക്കിയിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ പച്ചപ്പുമൂടിയ പ്രദേശത്താണ് വ്യത്യസ്തതകൾ പേറിയ ഈ നിർമിതി സ്ഥിതിചെയ്യുന്നത്. 16,000 ചതുരശ്ര അടിയാണ് നിർമ്മിതിക്കുള്ളിലെ ആകെ വിസ്തീർണ്ണം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 80,000 ചതുരശ്ര അടിയിലും.
സന്ദർശകരെ ആകർഷിക്കുന്നതിനായാണ് ഈ കെട്ടിടം ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെത്തുന്നവരെ കാത്ത് നിരവധി രസകരമായ കാഴ്ചകളും കാത്തിരിപ്പുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ കാണുന്നത് പോലെത്തന്നെ വളഞ്ഞുകിടക്കുന്ന ആകൃതിയിലാണ് ഈ നിര്മിതിയുള്ളത്. ഇതിനകത്തായി നിരവധി കിടപ്പുമുറികൾ, ബാത്റൂമുകൾ, സ്റ്റഡി റൂം, വിശാലമായ ലിവിങ് ഏരിയ, അടുക്കള എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. മെക്സിക്കോയിലെ ഒരു പച്ചപ്പ് നിറഞ്ഞ പ്രദേശത്താണ് ഈ നിർമിതി, ഇതിനോട് ചേർന്ന് ബൊട്ടാനിക്കൽ ഗാർഡൻ, ചെറിയ ഗുഹകൾ, മരക്കാട്, ചെറിയ തടാകങ്ങൾ എന്നിവയും ഉണ്ട്. തറയിൽ നിന്നും 21 അടി ഉയരത്തിലാണ് ഈ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.
അതേസമയം ഈ നിർമിതിയ്ക്ക് പിന്നിലുമുണ്ട് ചില രസകരമായ കഥകൾ. മെസോ- അമേരിക്കൻ സംസ്കാരത്തിലെ ദൈവമായ ക്വറ്റ്സൽകോട്ട് എന്ന തൂവൽസർപ്പത്തിന്റെ ആകൃതിയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഈ രൂപത്തിലുള്ള പ്രത്യേകത കൊണ്ടുതന്നെയാണ് ഇതിന് ക്വറ്റ്സൽകോട്ട്സ് നെസ്റ്റ് എന്ന് പേരിട്ടിരിക്കുന്നതും. ഇവരുടെ സങ്കൽപകഥകളിലെ സർപ്പത്തെ വർണ്ണിച്ചിരിക്കുന്നതുപോലെ മരതകത്തിനു സമാനമായ പച്ച, നീല, സ്വർണ്ണനിറം തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ചാണ് ഈ നിർമിതിയും ഒരുക്കിയിരിക്കുന്നത്.
Story highlights: snake-shaped home