മലയാളമടക്കം 6 ഭാഷകളിൽ ‘ഡ്യൂൺ’ എത്തുന്നു; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ
ലോകപ്രശസ്ത സംവിധായകൻ ഡെനിസ് വിൽനാവ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ഡ്യൂൺ.’ ഒരു സയൻസ് ഫിക്ഷൻ എപിക് സിനിമയായ ഡ്യൂൺ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റ് വാങ്ങിയ ചിത്രം എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ്.
1965-ൽ പുറത്തു വന്ന ഫ്രാങ്ക് ഹെർബെർട്ടിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഡ്യൂൺ. വർഷങ്ങളായി പല മികച്ച സംവിധായകരും ചിത്രീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ചിത്രം കൂടിയാണ് ഡ്യൂൺ. 1984- ൽ ഡേവിഡ് ലിഞ്ചിന്റെ സംവിധാനത്തിൽ നോവൽ വെള്ളിത്തിരയിൽ എത്തിയിരുന്നെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഒക്ടോബറിൽ പുറത്തു വന്നത്.
ഇപ്പോൾ ‘ഡ്യൂൺ’ ഇന്ത്യയിൽ ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി മാര്‍ച്ച് 25 ആണ്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ പതിപ്പുകള്‍ പ്രൈം വീഡിയോയില്‍ കാണാനാവും.
Read More: മതിയായ ശമ്പളമില്ല; ജോലി ഉപേക്ഷിച്ച് ബിരിയാണി കച്ചവടത്തിനിറങ്ങി എഞ്ചിനീയർമാർ- ഇന്ന് ഇരട്ടി വരുമാനം
നായക കഥാപാത്രമായ പോള്‍ അട്രെയ്ഡിസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ഇന്റെർസ്റ്റെല്ലാർ, കോൾ മീ ബൈ യുവർ നെയിം അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ ടിമോത്തെ ഷലമെയ് ആണ്. റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‍കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ചാംഗ് ചെംഗ്, സ്റ്റെല്ലാന്‍ സ്കാര്‍സ്ഗാഡ്, സ്റ്റീഫന്‍ മകിന്‍ലി, ഹെന്‍ഡേഴ്സണ്‍, ഷാരോണ്‍ ഡങ്കന്‍ ബ്രൂസ്റ്റര്‍, ഷാര്‍ലറ്റ് റാംപ്ലിംഗ്, ജേസണ്‍ മൊമൊയ, സേവ്യര്‍ ബാര്‍ദെം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
165 മില്യണ്‍ ഡോളര്‍ ബജറ്റില്‍ എത്തിയ ചിത്രം 400 മില്യണിലേറെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തിയേറ്ററിൽ റിലീസായതിന് ശേഷം ചിത്രം ഒടിടി പ്ലാറ്റഫോമായ എച്ച്ബി മാക്സിലും റിലീസ് ചെയ്തിരുന്നു.
Story Highlights: Dune ott release on amazon prime video