‘നാരദനിൽ’ പെർഫോം ചെയ്യാനുള്ള സ്പേസുണ്ടായിരുന്നുവെന്ന് ടൊവിനോ; നടനെന്ന നിലയിൽ തൃപ്തനെന്നും താരം
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു- ടൊവിനോ തോമസ് കൂട്ടുക്കെട്ടിൽ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നാരദൻ.’ സമകാലിക കാലത്തെ മാധ്യമ പ്രവർത്തനമാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ‘മിന്നൽ മുരളി’ക്ക് ശേഷം പുറത്തിറങ്ങുന്ന ടൊവിനോ ചിത്രമെന്ന നിലയിൽ കുറെ നാളുകളായി വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്.
ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റി നടൻ ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ താൻ ചിത്രത്തിൽ തൃപ്തനാണെന്നാണ് ടൊവിനോ പറഞ്ഞത്. നടൻ എന്ന നിലയിൽ പെർഫോം ചെയ്യാനൊരു സ്പേസ് നാരദനിൽ ഉണ്ടായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
“നടന് എന്ന നിലയില്‍ ഞാന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്. വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിനപ്പുറത്തേക്ക് നാരദിനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള് കൂടുതല്‍ പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നു. സാധാരണ ഞാന്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിക്കാറില്ല. കാണാതെ പഠിച്ചാല്‍ അത് മെക്കാനിക്കലാകുമോ എന്ന പേടി കൊണ്ടായിരുന്നു അത്. പക്ഷെ നാരദനില്‍ മുഴുവൻ പെര്‍ഫോമന്‍സാണല്ലോ. അത് ഒരിക്കലും സെറ്റിലെത്തി ഇംപ്രവൈസ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് നാരദന്റെ കാര്യത്തില്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിച്ചാണ് ഞാന്‍ സെറ്റിലേക്ക് ചെന്നിട്ടുള്ളത്” – ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.
Read More: മാർച്ചിൽ പുതിയ കരാർ ഒപ്പിടും അടുത്ത സീസണിൽ ആരാധകരെ കാണണം: ഇവാൻ വുകമനോവിച്ച്
‘നാരദൻ’ ഇന്ന് ലോകവ്യാപകമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Story Highlights: Tovino about acting in naradan