ഉമേഷ് യാദവിന്റെ പിഴ, കാർത്തിക്കിന് കിട്ടിയത് ‘പുതുജീവൻ’; കൊൽക്കത്ത-ബാംഗ്ലൂർ മത്സരത്തിലെ നിർണായക നിമിഷം – വിഡിയോ
അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തിൽ കൊൽക്കത്തയെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് ആർസിബി സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.താരതമ്യേന നിസ്സാരമായ വിജയലക്ഷ്യമാണ് ആർസിബിക്ക് ഉണ്ടായിരുന്നതെങ്കിലും തുടക്കത്തിൽ ആർസിബിയുടെ നില പരുങ്ങലിലായിരുന്നു.17 റൺസ് എടുക്കുമ്പോഴേക്കും 3 വിക്കറ്റുകൾ നഷ്ടമായ ആർസിബി പതുക്കെയാണ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. ഒരു ഘട്ടത്തിൽ 111-7 എന്ന അവസ്ഥയിൽ കളി കൈവിട്ട് പോകും എന്ന് തോന്നിയ അവസ്ഥയിൽ നിന്നാണ് ബാംഗ്ലൂർ തിരിച്ചു വന്ന് സീസണിലെ ആദ്യ വിജയം നേടിയത്.
ഇപ്പോൾ പത്തൊൻപതാം ഓവറിൽ മത്സരം തിരിച്ചു പിടിക്കാനുള്ള ഒരവസരം കൊൽക്കത്ത നഷ്ടപെടുത്തിയതാണ് ആരാധകരുടെ ചർച്ചാവിഷയം. ദിനേശ് കാർത്തിക്കിനെ റൺ ഔട്ട് ആക്കാനുള്ള സുവർണാവസരമാണ് കൊൽക്കത്തയുടെ ഉമേഷ് യാദവിന്റെ ശ്രദ്ധക്കുറവ് മൂലം നഷ്ടമായത്. വീണ്ടുമൊരവസരം ലഭിച്ച കാർത്തിക്കാണ് ഹർഷൽ പട്ടേലിനൊപ്പം ചേർന്ന് ആർസിബിയെ വിജയത്തിലേക്കെത്തിച്ചത്.
പത്തൊൻപതാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം നടക്കുന്നത്. ബോൾ നേരിട്ട കാർത്തിക് അത് ബാക്ക്വേർഡ് പോയിന്റിലേക്ക് തട്ടി വിട്ടു. അപ്പോഴേക്കും ഹർഷൽ പട്ടേൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നും ഓടി തുടങ്ങിയിരുന്നു. ആദ്യം റണ്ണെടുക്കാൻ ക്രീസിൽ നിന്ന് ഇറങ്ങിയെങ്കിലും ഉമേഷ് യാദവ് പന്ത് ഫീൽഡ് ചെയ്തത് കണ്ടതോടെ കാർത്തിക്ക് തിരികെ ക്രീസിലേക്ക് കയറി. പക്ഷെ അപ്പോഴേക്കും പട്ടേൽ ഓടി കാർത്തിക്കിനടുത്തേക്ക് എത്തിയിരുന്നു. അതോടെ രണ്ട് ബാറ്റ്സ്ന്മാരും ഒരേ ക്രീസിലെത്തി.
നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഉമേഷ് യാദവ് പന്തെറിഞ്ഞിരുന്നെങ്കിൽ വളരെ നിസ്സാരമായി ദിനേശ് കാർത്തിക്കിനെ പവലിയനിലേക്ക് മടക്കി അയക്കാൻ കഴിയുമായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അങ്കലാപ്പിൽ ഉമേഷിന്റെ ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. താരം ബോൾ ഇരു ബാറ്റ്സ്മാന്മാരും നിലയുറപ്പിച്ച ഭാഗത്തേക്ക് തന്നെ എറിയുകയായിരുന്നു. കീപ്പറിന് ഓടി വന്ന് ബോൾ പിടിക്കാനുള്ള സമയം ഇല്ലാതിരുന്നതിനാൽ റൺ ഔട്ട് അവസരം നഷ്ടമാവുകയും ചെയ്തു. വീണ്ടും ജീവൻ ലഭിച്ച കാർത്തിക്ക് വളരെ പെട്ടെന്ന് തന്നെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടി കയറുകയും ചെയ്തു.
— Sam (@sam1998011) March 30, 2022
ദിനേശ് കാർത്തിക്കും ഹർഷൽ പട്ടേലും കൂടി ചേർന്നാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്.
Story Highlights: Umesh yadav misses run out chance