അമരത്ത് വനിതാ സംവിധായകർ; റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ
മലയാള സിനിമയിൽ മുദ്രപതിപ്പിച്ച് കടന്നെത്തിയ ഒട്ടേറെ സംവിധായകരുണ്ട്. മലയാള സിനിമയെ സംബന്ധിച്ച് വരാനിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ ഒന്നലധികവും സ്ത്രീ സംവിധായകരുടെതാണ് എന്നതാണ് എടുത്തുപറയേണ്ടത്. ഈ വനിതാ ദിനത്തിൽ മലയാളിക്ക് അഭിമാനം പകരാൻ ഇവർ ധാരാളമാണ്.
അഞ്ജലി മേനോൻ, ഗീതു മോഹൻദാസ് തുടങ്ങിയ നിരവധി മലയാള വനിതാ സംവിധായകർക്ക് അവരുടെ സിനിമകളിലൂടെ പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചു. ഇന്ന്, ലോകം മുഴുവൻ വനിതാ ദിനം ആഘോഷിക്കുന്ന വേളയിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ സംവിധായകരുടെ വരാനിരിക്കുന്ന ചില സിനിമകൾ നോക്കാം.
മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക ഒരുക്കുന്ന ചിത്രമാണ് ‘പുഴു’. ചിത്രത്തിലൂടെ പ്രതിഭാധനയായ മറ്റൊരു വനിതാ സംവിധായികയായി റത്തിനായുടെ ജനനത്തിന് 2022 സാക്ഷ്യം വഹിക്കും. ചിത്രത്തിന്റെ ടീസറിൽ നിന്നുള്ള സൂചനകൾ അനുസരിച്ച്, മമ്മൂട്ടി ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയെ കൂടാതെ പാർവതി തിരുവോത്ത്, നെടുമുടി വേണു, മാളവിക മേനോൻ എന്നിവരും ‘പുഴു’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ബാംഗ്ലൂർ ഡേയ്സ്’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായിക അഞ്ജലി മേനോൻ ‘രസ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരുക്കുകയാണ്. ഭരതനാട്യത്തോട് അഗാധമായ സ്നേഹമുള്ള മഞ്ജു എന്ന നേപ്പാളി വീട്ടുജോലിക്കാരിയുടെ കഥയാണ് ചിത്രംപങ്കുവയ്ക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അവാർഡ് ജേതാവായ സംവിധായിക വിധു വിൻസെന്റ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വൈറൽ സെബി’. സുധീപ് കോശി, മീര ഹമ്മദ്, ജോയ് മാത്യു, നമിത പ്രമോദ്, അനുമോൾ, ഇർഷാദ് അലി, സിദ്ധാർത്ഥ ശിവ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. വിധു വിൻസെന്റ് മുമ്പ് ‘മാൻഹോൾ’, ‘സ്റ്റാൻഡ് അപ്പ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
നടിയും സംവിധായകയുമായ രേവതി പതിനൊന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് എത്തുകയാണ്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രമാണ് രേവതി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവരാണ് നിർമിക്കുന്നത്.
Story highlights- upcoming movies helmed by women directors