ഇത് ലക്ഷ്യത്തിലേക്കുള്ള ഓട്ടം; അർധരാത്രിയിൽ റോഡിലൂടെ ഓടുന്ന പത്തൊൻപതുകാരന്റെ വിഡിയോ കണ്ടത് 50 ലക്ഷം പേർ, പിന്നിൽ ഹൃദയംതൊടുന്നൊരു കാരണവും
സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറഞ്ഞതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഇപ്പോഴിതാ കൗതുകത്തിനപ്പുറം ഹൃദയംതൊടുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നോയിഡയിലെ ഒരു തെരുവിലൂടെ ഓടുന്ന ഒരു ചെറുപ്പക്കാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. സംവിധായകൻ വിനോദ് കാപ്രി പങ്കുവെച്ച വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ് ഓടുന്നതിന് പിന്നിലെ കാരണം അറിഞ്ഞതോടെ യുവാവിന് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്.
രാത്രിയിൽ തെരുവിലൂടെ ഓടുന്ന യുവാവിനെ കണ്ടതോടെ വാഹനം നിർത്തി തന്റെ കൂടെ പോരൂ, താൻ ഡ്രോപ്പ് ചെയ്യാം എന്ന് പറയുകയാണ് സംവിധായകൻ കാപ്രി. എന്നാൽ വാഹനത്തിൽ കയറാൻ വിസമ്മതിച്ച യുവാവിനെ കൂടുതൽ തവണ അദ്ദേഹം നിർബന്ധിച്ചെങ്കിലും യുവാവ് വാഹനത്തിൽ കയറിയില്ല. പകരം ഇത് താൻ ദിവസവും ചെയ്യാറുണ്ടെന്നും തനിയെ പൊയ്ക്കോളാമെന്നും യുവാവ് പറഞ്ഞു. യുവാവ് ഓടുന്നതിനൊപ്പം വാഹനം ഓടിച്ച് കൂടുതൽ കാര്യങ്ങൾ തിരക്കിയതോടെയാണ് യുവാവ് ഓടുന്നതിന് പിന്നിലെ കാരണം കാപ്രി അറിഞ്ഞത്.
ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹ്റയെന്ന യുവാവ് നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ലെറ്റിലാണ് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം ഓടുന്നത്. ഇതിന് പിന്നിലുമുണ്ട് കാരണം. ആർമിയിൽ ചേരുക എന്നതാണ് പ്രദീപിന്റെ ഉദ്ദേശ്യം. അതിനുള്ള പരിശീലനം ആയിട്ടാണ് ഏകദേശം പത്ത് കിലോമീറ്ററോളം വരുന്ന ദൂരം ദിവസവും പ്രദീപ് ഓടുന്നത്. ‘അമ്മ ആശുപത്രിയിലായതിനാൽ വീട്ടിൽ രാവിലെ ഭക്ഷണം ഉണ്ടാക്കണം. അതുകൊണ്ട് രാവിലെ പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാറില്ല ആകെ കിട്ടുന്ന സമയം രാത്രിയാണെന്നും അതിനാലാണ് ഇത്തരത്തിൽ പരിശീലനം നടത്തുന്നത് എന്നുമാണ് പ്രദീപ് പറഞ്ഞത്.
എന്നാൽ കാപ്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ സഹോദരൻ ജോലി കഴിഞ്ഞ് വരുമ്പോഴേക്കും ഭക്ഷണം പാകം ചെയ്യണമെന്ന് പറഞ്ഞ് അതും നിരസിക്കുന്നുണ്ട് പ്രദീപ്. അതേസമയം വിഡിയോ കാപ്രി പങ്കുവെച്ചതോടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി നിരവധിപ്പേരാണ് പ്രദീപിനും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനും അഭിനന്ദനങ്ങളുമായി എത്തുന്നത്.
This is PURE GOLD❤️❤️
— Vinod Kapri (@vinodkapri) March 20, 2022
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिए
बार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu
Story highlights: Video of 19-year olds midnight run goes viral