ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവ്വതത്തിനുള്ളിൽ കുടുങ്ങി നായ; സാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ
മൃഗങ്ങളോടുള്ള സ്നേഹത്തിന് അതിരുകളില്ലാത്തവരുണ്ട്. സ്വന്തം ജീവനേക്കാൾ മിണ്ടാപ്രാണികളായ അവയുടെ ജീവിതത്തിന് അവർ മൂല്യം നൽകുന്നു. അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത ഒരു ആത്മബന്ധം ഇങ്ങനെയുള്ളവർ കാത്തുസൂക്ഷിക്കാറുണ്ട്. ഇങ്ങനെ വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള ഹൃദയസ്പർശിയായ കൂടിച്ചേരലുകൾക്ക് സമൂഹമാധ്യമങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന ഒരു കാഴ്ച സജീവമായ അഗ്നിപർവ്വത വിള്ളലിൽ നിന്ന് ഒരു നായയെ രക്ഷിക്കുന്നതാണ്.
അഗ്നിപർവ്വതങ്ങൾക്കും ലാവ സ്ട്രീമുകൾക്കും സമീപത്തുനിന്നും എടുത്ത ധീരമായ ഫോട്ടോഗ്രാഫുകൾക്ക് പേരുകേട്ട ഹവായിയൻ സാഹസികനും ഫോട്ടോഗ്രാഫറുമായ കാവിക സിംഗ്സണിന്റെ രക്ഷാപ്രവർത്തന വിഡിയോ ആണിത്. റിപ്പോർട്ട് അനുസരിച്ച്, ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തിൽ കുടുങ്ങിക്കിടക്കുന്ന നായയുടെ അവസ്ഥയെക്കുറിച്ച് കാവികയ്ക്ക് ഒരു കോൾ വന്നു. അങ്ങനെ ഹിലോ ദ്വീപിലെ കിലൗയ അഗ്നിപർവ്വതത്തിൽ 25 അടി ആഴത്തിലുള്ള വിള്ളലിൽ രണ്ട് ദിവസമായി നായ കുടുങ്ങിക്കിടക്കുന്നതായി കാവിക മനസ്സിലാക്കി.
സംഭവസ്ഥലത്തേക്ക് എത്രയും വേഗം എത്തിയ ഇദ്ദേഹം സുരക്ഷാ മാനദണ്ഡങ്ങൾ ഒക്കെ പാലിച്ച് വിള്ളലിലേക്ക് ഇറങ്ങി. കുറച്ച് ശ്രമകരമായിരുന്നെങ്കിലും ഉയർന്ന താപനിലയും വിഷ പുകയും സഹിച്ച് നായയെ സുരക്ഷിതമായി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് കിലൗയ.
Read Also: എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ…, ഹൃദയം കൊണ്ടുപാടി കുഞ്ഞു ശ്രീദേവ്
ഇങ്ങനെ അദ്ദേഹത്തിന്റെ അവസരോചിത ഇടപെടലിൽ മക്ക എന്ന് പേരുള്ള നായ തന്റെ ഉടമയായ കോഡിയുമായി വീണ്ടും ഒന്നിച്ചു. നായയെ രക്ഷിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
Story highlights- vlogger rescues dog stuck in active volcano