‘വിടപറയും മുമ്പേ…’, ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ട ഓർമകളുമായി മഞ്ജു വാര്യർ

April 23, 2022

സിനിമ ലോകത്തെ മുഴുവൻ വേദനയിൽ ആഴ്ത്തിക്കൊണ്ടായിരുന്നു പ്രശസ്ത തിരക്കഥാകൃത്തും നടനും നിർമാതാവുമായ ജോൺ പോൾ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സിനിമ ലോകത്ത് നിന്ന് ഉൾപ്പെടെ നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ ജോൺ പോളിനെ അനുസ്മരിച്ചുകൊണ്ടുള്ള കുറുപ്പ് പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആശുപത്രിയിലെത്തി ജോൺ പോളിനെ കാണുകയായിരുന്നു മഞ്ജു വാര്യർ. താൻ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും തന്നോട് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചും പങ്കുവയ്ക്കുന്നുണ്ട് ജോൺ പോൾ.

യാത്ര… മിഴിനീര്‍പൂവുകള്‍.. ഇനിയും കഥ തുടരും… വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓർമ്മയ്ക്കായി…

ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി…എന്നാണ് ജോൺ പോളിനെ അനുസ്മരിച്ചുകൊണ്ട് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

Read also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

അതേസമയം അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജോൺ പോൾ ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അദ്ദേഹം വർഷങ്ങളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പ്രണയമീനുകളുടെ കടൽ ആണ് ജോൺ പോൾ അവസാനമായി തിരക്കഥയൊരുക്കിയ ചിത്രം.

Story highlights: Actress manju Warrier remembering late john paul