കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് അല്ലു അർജുൻ. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തങ്ങൾകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരം ഒരു പരസ്യ ചിത്രത്തിൽ നിന്നും ഒഴിവായതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രത്തിൽനിന്നും താരം പിന്മാറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യത്തിൽ നിന്നുമാണ് താരം പിന്മാറിയിരിക്കുന്നത്.
അതേസമയം പുകയിലയുടെ പരസ്യ ചിത്രത്തിൽ നിന്നും പിന്മാറിയ അല്ലു അർജുന് അഭിനന്ദനങ്ങളുമായി താരത്തിന്റെ ആരാധകർ അടക്കം നിരവധിപ്പേരാണ് എത്തുന്നത്. വ്യക്തിപരമായി പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കാത്ത ആളാണ് താരമെന്നും അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കാവുന്ന ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് ആളുകളിൽ തെറ്റായ അവബോധം സൃഷ്ടിക്കാൻ കാരണമായേക്കാം എന്നും അല്ലു അർജുനുമായി അടുത്തവൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Read also: രോഗം തടസ്സമായില്ല, ലോകത്തിന്റെ നെറുകയിൽ എത്തിയ ഡൗൺ സിൻഡ്രോം ബാധിതനായ കുഞ്ഞ്
അതേസമയം പുഷ്പയാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുകുമറാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് ചിത്രത്തിൽ എത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
നേരത്തെ സിനിമയുടെ നാല്പതോളം വരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി അല്ലു നല്കിയതും വാർത്തയായിരുന്നു. 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയങ്ങളാണ് ഓരോരുത്തര്‍ക്കും താരം സമ്മാനമായി നല്‍കിയത്. ഇതുകൂടാതെ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നല്‍കിയിരുന്നു.
Story highlights: Allu Arjun Says no to endorsing tobacco product