ഇത് സുന്ദറിന്റെയും ഷീലയുടെയും പ്രണയകഥ; നസ്രിയ-നാനി ചിത്രം ‘അണ്ടെ സുന്ദരാനികി’ ടീസർ

April 20, 2022

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നടിയാണ് നസ്രിയ. ചുരുക്കം ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളുവെങ്കിലും എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മലയാളത്തിന് പുറമെ തമിഴിലും തന്റെ പ്രതിഭ തെളിയിച്ച നസ്രിയ തെലുങ്ക് സിനിമയിലേക്കും ചുവടുവയ്ക്കുകയാണ്.  ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് നസ്രിയ എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘ആഹാ സുന്ദരാ’ എന്ന പേരിലാണ് മലയാളത്തിൽ ചിത്രം എത്തുന്നത്.

സുന്ദർ എന്ന യുവാവായി നാനി എത്തുമ്പോൾ ഷീല തോമസായാണ് നസ്രിയ എത്തുന്നത്. ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദു കുടുംബത്തിലെ അംഗമാണ് സുന്ദർ. ക്രിസ്ത്യൻ പെൺകുട്ടിയായ ഷീലയുമായി സുന്ദർ പ്രണയത്തിലാകുന്നതും ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. രസകരമായ ടീസർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. അതേസമയം, നാനിയെയും നസ്രിയയെയും ‘ഡ്രീം കോംബോ’ എന്ന് വിശേഷിപ്പിച്ചാണ് വിവേക് ​​ആത്രേയ ചിത്രം പ്രഖ്യാപിച്ചത്. ‘ഈ ദീപാവലിക്ക് ഞങ്ങളുടെ തെലുങ്ക് ചലച്ചിത്ര കുടുംബത്തിന് ഒരു പുതിയ അതിഥി ഉണ്ട്, നമുക്ക് നസ്രിയ ഫഹദിനെ സ്വാഗതം ചെയ്യാം’ എന്നാണ് വിവേക് ആത്രേയ അന്ന് കുറിച്ചത്. നാച്ചുറൽ സ്റ്റാർസ് എന്നാണ് ടീസറിൽ ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നതും.

Read Also: കടലിനുള്ളിൽ നീലവെളിച്ചമൊളിപ്പിച്ച് പ്യൂർട്ടോ റിക്കോ- പ്രകൃതിയുടെ അതുല്യ പ്രതിഭാസം

അതേസമയം, വിവാഹശേഷം നാലുവർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ നസ്രിയ അടുത്തിടെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. 

Story highlights- Ante Sundaraniki Teaser