സിനിമയിൽ 25 വർഷങ്ങൾ പൂർത്തീകരിച്ച് ഹെയർ സ്റ്റൈലിസ്റ്റ്- സെറ്റിൽ ആദരവൊരുക്കി മഞ്ജു വാര്യരും ‘ആയിഷ’ ടീമും

April 20, 2022

സിനിമയിൽ മുന്നണിയിൽ നിൽക്കുന്ന താരങ്ങളുടെ ഓരോ വിശേഷങ്ങളും ആഘോഷമാകാറുണ്ട്. ആദ്യ സിനിമയുടെ ഓർമയും, സിനിമയിൽ പൂർത്തിയാക്കിയ വർഷങ്ങളുടെ പകിട്ടുമൊക്കെ ഇങ്ങനെ ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ, ഇവർക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ചു വരുന്ന സിനിമയിലെ അവിഭാജ്യ ഘടകങ്ങളായ പ്രവർത്തകർ പലപ്പോഴും വിസ്‌മൃതിയിലേക്ക് മറയാറാണ് പതിവ്. എന്നാൽ, ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മഞ്ജു വാര്യർ നായികയാകുന്ന ‘ആയിഷ’ ടീം.

സിനിമയിൽ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന പ്രശസ്‌ത ഹെയർ സ്റ്റൈലിസ്റ്റ് അംബുജത്തിന് ആയിഷയുടെ സെറ്റിൽ ആദരവൊരുക്കിയിരിക്കുകയാണ് മഞ്ജു വാര്യർ അടങ്ങുന്ന പ്രവർത്തകർ. സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചി എന്നാണ് അംബുജം അറിയപ്പെടാറുള്ളത്. സെറ്റിൽ കേക്ക് മുറിച്ചാണ് സഹപ്രവർത്തകർ ആദരവും സ്നേഹവും അറിയിച്ചത്. ഫെഫ്ക മേക്കപ്പ് യൂണിയൻ അംഗവുമാണ് അംബുജം. സാങ്കേതിക മേഖലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന അംബുജത്തിന് ആശംസയറിയിച്ച് ഫെഫ്കയും രംഗത്തെത്തിയിരുന്നു.

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ഒരു ഇൻഡോ-അറബ് ചിത്രമാണ് ഇത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ റാസൽ ഖൈമയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ നൃത്ത സംവിധായകനായി പ്രഭുദേവയും എത്തുന്നുണ്ട്.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സുഡാനി ഫ്രം നൈജീരിയ’, ‘ഹലാൽ ലവ് സ്റ്റോറി’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.ഒരു കുടുംബ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ നടി മഞ്ജു വാര്യർ ടൈറ്റിൽ റോളിൽ എത്തുന്നു. ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആഷിഫ് കക്കോടിയാണ് ‘ആയിഷ’ എന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രം ഏറിയപങ്കും മിഡിൽ ഈസ്റ്റിലാണ് ചിത്രീകരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Story highlights- Ayisha movie team pay homage to hair stylist who completed 25 years in cinema