ഇന്ത്യയിൽ നിന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങാൻ നദിയിലൂടെ നീന്തി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശി ബാലൻ- ഒടുവിൽ സാഹസിക യാത്ര അവസാനിച്ചപ്പോൾ

April 17, 2022

പ്രിയപ്പെട്ടത് എവിടെയാണോ ഉള്ളത് അവിടേക്ക് എത്താൻ ഏറ്റവുമധികം ശ്രമിക്കുന്നവരാണ് എല്ലാവരും.. അതൊരു പ്രിയപ്പെട്ട വ്യക്തിയായാലും പ്രിയപ്പെട്ട സ്ഥലമായാലും പ്രിയ ഭക്ഷണമായാലും. അങ്ങനെ പ്രിയപ്പെട്ട ചോക്ലേറ്റ് തേടി ഇന്ത്യയിലേക്ക് എത്തുന്ന ബംഗ്ലാദേശി ബാലന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അതിലെന്താണ് ഇത്ര കൗതുകം എന്ന് ചിന്തിക്കാൻ വരട്ടെ, അതിർത്തി നീന്തി കടന്നാണ് ഈ ബാലൻ ഇന്ത്യയിലേക്ക് തന്റെ പ്രിയ ചോക്ലേറ്റ് വാങ്ങാൻ എത്തുന്നത്.

ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ ഹൊസൈൻ ഒരു ചെറിയ നദി നീന്തി അതിർത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാർ ലഭിക്കാൻ ഇന്ത്യയിലേക്ക് പ്രവേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല, എമാൻ ഇന്ത്യൻ അതിർത്തിയിലേക്ക് ഇങ്ങനെ എത്തുന്നത്. ത്രിപുരയിലെ കലംചൗര ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങാൻ ഈ ബാലൻ പതിവായി നദിക്ക് കുറുകെ നീന്തുകയും രാജ്യങ്ങൾ തമ്മിൽ വേർതിരിക്കുന്ന വേലിയിലെ ഒരു ദ്വാരത്തിലൂടെ നുഴഞ്ഞുകയറുകയും ചെയ്യുകയാണ് പതിവ്. ചോക്ലേറ്റ് വാങ്ങി ബംഗ്ലാദേശിലെ തന്റെ വീട്ടിലേക്ക് അതേ പോലെ തന്നെ മടങ്ങുകായും ചെയ്യും.

Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ

എന്തായാലും ഈ സാഹസികമായ യാത്രയ്ക്ക് ഇപ്പോൾ അവസാനമാകുകയും ചെയ്തു. അതിർത്തി സുരക്ഷാ സേന പിടികൂടിയതോടെ ഈ ബാലന്റെ ഇന്ത്യയിലേക്കുള്ള യാത്ര അവസാനിച്ചത്. കോടതിയിൽ ഹാജരാക്കിയ കൗമാരക്കാരനെ ലോക്കൽ പോലീസിന് കൈമാറി. 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് ബംഗ്ലാദേശിലെ കൊമില്ല ജില്ലയിൽ താമസിക്കുന്ന കുട്ടി ചോക്ലേറ്റ് വാങ്ങുന്നതിനായി ഇന്ത്യയിലേക്ക് വരുന്നതാണെന്ന് സമ്മതിച്ചത്.

Story highlights- Bangladeshi teen crosses border to buy his favourite chocolate from India