മമ്മൂട്ടിയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി ഒരു സൂപ്പർഹീറോ ചിത്രം വന്നാൽ..? തരംഗമായി അനിമേഷൻ വിഡിയോ

April 22, 2022

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മ പർവ്വം പുറത്തിറങ്ങി ഒരു മാസം പിന്നിട്ടെങ്കിലും ചിത്രം സൃഷ്ടിച്ച ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിലെ ‘ചാമ്പിക്കോ’ ഡയലോഗ് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടേയും ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെയും കഥാപാത്രങ്ങളെ ഒന്നിച്ച് ഒരുക്കിയ ഒരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുടെയും ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങൾ ഒരു സൂപ്പർ ഹീറോ ചിത്രത്തിൽ ഒന്നിച്ചാൽ എങ്ങനെ ആകുമെന്ന അനിമേഷൻ വിഡിയോ പുറത്തുവിട്ടിരിക്കുന്നത് നിദീപ് വർഗീസ് എന്ന യുവാവാണ്. അതേസമയം ഭീഷ്മാൻ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഭീഷ്മ പർവ്വത്തിലെ മൈക്കിളിനേയും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെയുമാണ് വിഡിയോയിൽ കാണുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം സേതുരാമയ്യരായി ജീവിക്കുകയും മറ്റുള്ളവർക്ക് ആപത്ത് ഉണ്ടാകുമ്പോൾ ഭീഷ്മനാവുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒപ്പം വില്ലൻ ജോക്കറായി ഫഹദിന്റെ ഷമ്മിയും വിഡിയോയിൽ എത്തുന്നുണ്ട്. ‘ഷമ്മി ഹീറോയാടാ ഹീറോ’, പനിവരുന്നുണ്ട് അവറാച്ചാ, കുറയ്ക്കണ്ടവരുടെ എണ്ണം കൂടിവരുന്നുണ്ട്, ‘ചാമ്പിക്കോ’ തുടങ്ങിയ ഡയലോഗുകളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം നേരത്തെ നിദീപ് വർഗീസ് ഒരുക്കിയ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും അറബിക്കുത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: ശുദ്ധജലക്ഷാമം പരിഹരിക്കാൻ വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ടവർ- ദിവസവും 100 ലിറ്റർ വരെ വെള്ളം, പരീക്ഷണം ഹിറ്റ്

അതേസമയം തിയേറ്ററുകളിൽ വലിയ വിജയമായ ഭീഷ്മ പർവ്വം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മ പർവ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story highlights: Bheesh-Man trailer goes viral