ചെന്നൈക്ക് ജയം ഇനിയും അകലെ; സീസണിലെ ആദ്യ ജയം നേടി ഹൈദരാബാദ്
തുടർച്ചയായ നാലാം പരാജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്നേറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു. ഇതോടെ സീസണിലെ ആദ്യ ജയമാണ് ഹൈദരാബാദ് നേടിയിരിക്കുന്നത്. എന്നാൽ ചെന്നൈക്ക് വിജയം രുചിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
75 റൺസെടുത്ത അഭിഷേക് ശർമയാണ് ചെന്നൈയെ തകർത്തതിൽ നിർണായക പങ്കുവഹിച്ചത്. 32 റൺസെടുത്ത കെയ്ന്‍ വില്യംസണും വെറും 15 പന്തിൽ 39 റൺസെടുത്ത രാഹുൽ ത്രിപാഠിയും അഭിഷേകിന് ശക്തമായ പിന്തുണ നൽകി.
തുടക്കത്തിൽ കനത്ത ബാറ്റിംഗ് തകർച്ച തന്നെയാണ് ചെന്നൈ നേരിട്ടത്. 6 ഓവർ കഴിഞ്ഞപ്പോഴേക്കും ഉത്തപ്പയുടെയും ഋതുരാജ് ഗെയ്കവാദിന്റെയും വിക്കറ്റുകൾ തെറിച്ചിരുന്നു. 48 റൺസെടുത്ത മൊയീൻ അലിയുടെയും 23 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും മികവിലാണ് ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് അടിച്ചെടുത്തത്.
ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണ്‍ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ഹൈദരാബാദ് ബൗളർമാർ പുറത്തെടുത്തത്. ഹൈദരാബാദിനായി വാഷിംഗ്‌ടൺ സുന്ദറും നടരാജനും 2 വിക്കറ്റ് വീതം നേടിയപ്പോൾ ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവർ ചെന്നൈയുടെ ഓരോ വിക്കറ്റ് വീതം പിഴുതു.
Read More: രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
കഴിഞ്ഞ കളികളിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ സൺറൈസേഴ്സിനായി ഇന്നത്തെ മത്സരത്തിൽ അരങ്ങേറിയപ്പോൾ അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവർക്ക് പുറത്തിരിക്കേണ്ടി വന്നു. ചെന്നൈ ഒരു മാറ്റം വരുത്തി. ചെന്നൈ ടീമിൽ മഹീഷ് തീക്ഷ്ണ പ്രിട്ടോറ്യൂസിന് പകരം ഇന്നത്തെ മത്സരത്തിനിറങ്ങിയിരുന്നു.
Story Highlights: Chennai loses against hyderabad