സ്വപ്നങ്ങളുമായി കോളേജിലേക്ക് പോകുമ്പോൾ സംഭവിച്ച ടാങ്കർ ലോറി അപകടത്തിൽ കാല് നഷ്ടമായി; ഗുരുതരാവസ്ഥയിൽ അമ്മയും- വെള്ളാരംകണ്ണുമായി പൊരുതിനേടാനെത്തിയ പത്മപ്രിയയുടെ കഥ
അപ്രതീക്ഷിതമായ അപകടങ്ങൾ തകർത്തുകളയുന്നത് എത്രയോ ജീവിതങ്ങളാണ്. ദിനംപ്രതി നമ്മൾ പത്രവാർത്തകളിൽ കാണാറുണ്ട് അപകടവാർത്തകൾ. വായനക്കാരനെ സംബന്ധിച്ച് ഒരു വാർത്ത, മറ്റൊരാൾക്ക് സംഭവിച്ച കാര്യം, വായിച്ചപ്പോൾ അല്ലെങ്കിൽ അറിഞ്ഞപ്പോൾ തോന്നിയ ഒരു ദുഖവും ഞെട്ടലും. അത്രമാത്രം. പിന്നീട് അടുത്ത വാർത്തയിലേക്കുള്ള ഓട്ടമാണ്. എന്നാൽ, അപകടങ്ങൾ സംഭവിച്ച കുടുംബങ്ങളിൽ പിന്നീട് എന്ത് നടക്കുന്നു എന്നത് അറിയാറേ ഇല്ല.
അങ്ങനെയൊരു അപകടത്തിന്റെ ബാക്കിപത്രമാണ് പത്മപ്രിയ എന്ന പെൺകുട്ടിയുടെ ജീവിതം. ഒരു ടാങ്കർ ലോറിയാണ് പത്മപ്രിയയുടെ ജീവിതവും കുടുംബത്തിന്റെ താളവും തെറ്റിച്ചത്. എംബിഎ പഠിക്കുന്നതിനായി കോളേജിൽ ചേരാനായി പോകുകയായിരുന്നു പത്മപ്രിയ. ആദ്യദിനം കുടുംബാംഗങ്ങൾ എല്ലാം ഒപ്പമുണ്ടാകണം എന്നത് പത്മപ്രിയയുടെ അമ്മയുടെ ആഗ്രഹമായിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു.
നാഷണൽ ഹൈവേയിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു പത്മപ്രിയയും, അമ്മയും അച്ഛനും സഹോദരനും. അച്ഛൻ മുന്നിലും പിന്നാലെ പത്മപ്രിയയും അമ്മയും സഹോദരനും എന്ന ക്രമത്തിലാണ് കടന്നത്. ഇവർക്ക് കടന്നുപോകാനായി ഒരു ലോറി നിർത്തി വഴിയൊരുക്കുകയും ചെയ്തു. എന്നാൽ അച്ഛൻ റോഡ് മുറിച്ച കടന്നപ്പോൾ നിർത്തിയിട്ട ലോറിയുടെ വശത്തുകൂടെ ഒരു കാലിയായ ടാങ്കർ കടന്നുവന്നത് ആരും കണ്ടില്ല.
അച്ഛൻ റോഡിനപ്പുറമെത്തി തിരിഞ്ഞു നോക്കുമ്പോൾ കണ്ട കാഴ്ച പത്മപ്രിയയുടെ കാലിലൂടെ ടാങ്കർ കയറിയിറങ്ങി അതിനടിയിൽ നിന്നും നിരങ്ങി ഇറങ്ങി വരുന്നതാണ്. അമ്മയ്ക്കാണ് ഗുരുതര പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ‘അമ്മ ഇപ്പോഴും കിടപ്പിലാണ്. അന്ന് ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ ആ അച്ഛൻ ഓടിക്കൂടിയ ആളുകളോട് അപേക്ഷിച്ചു. എന്നാൽ എല്ലാവരും ചിത്രങ്ങളും വിഡിയോയും പകർത്തുന്ന തിരക്കിലായിരുന്നു.
Read Also: മക്കളെയും ചേർത്തണച്ചുള്ള സുന്ദരനിമിഷങ്ങൾ- ഹൃദ്യമായ വിഡിയോ പങ്കുവെച്ച് സംവൃത
ഇന്ന് മുറിച്ചുമാറ്റിയ കാലിൽ പ്ലാസ്റ്റിക് സർജറിയിലൂടെ തുന്നിച്ചേർത്ത പകിട്ടിൽ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് വെള്ളാരംകണ്ണുള്ള ഈ പെൺകുട്ടി. ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ വേദിയിൽ മനസ് തുറക്കുമ്പോൾ വേദനയുടെ കടന്നുപോയ നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത് കണ്ണിലെ തിളക്കം മാത്രമാണ്. ഇന്ന് മണ്ണാർക്കാട് ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് പത്മപ്രിയയും സഹോദരനും. അച്ഛൻ അമ്മയ്ക്ക് തുണയായി കഴിഞ്ഞ മൂന്നുവർഷമായി വീട്ടിൽത്തന്നെ കഴിയുന്നു.
Story highlights- flowers oukodi fame pathmapriya lifestory