വാക്സിൻ സ്വീകരിച്ചത് 90 തവണ- അമ്പരപ്പിച്ച് ജർമ്മൻ സ്വദേശി
കൊവിഡ് ഭീതി പടർത്തി പറന്നുപിടിച്ചപ്പോൾ മാസ്ക് ഉപയോഗിച്ച് തുടങ്ങാനൊക്കെ ആളുകൾക്ക് വിമുഖതയായിരുന്നു. ക്വാറന്റൈനിൽ ഇരിക്കാനുമൊക്കെ മടിച്ചവർ ഇപ്പോൾ അതിനോടെല്ലാം ഇണങ്ങി കഴിഞ്ഞു, അതുപോലെയായിരുന്നു വാക്സിൻ എടുക്കുമ്പോഴും. ഭയവും ബുദ്ധിമുട്ടുമൊക്കെ മാറി രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിക്കാനും സമയമെടുത്തു.
എന്നാൽ, ജർമ്മനിയിൽ നിന്നുള്ള ഒരു അറുപതുകാരൻ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇയാൾ വാക്സിൻ സ്വീകരിച്ചത് 90 തവണയാണ്! സർട്ടിഫിക്കറ്റുകൾ വിൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ഇത്രയധികം തവണ വാക്സിൻ സ്വീകരിച്ചത്. സ്വയം കുത്തിവയ്പ് എടുക്കാൻ ആഗ്രഹിക്കാത്തവർക്ക് വാക്സിനേഷൻ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വാക്സിനേഷൻ കാർഡുകൾ വിൽക്കാനാണ് ഇയാൾ ശ്രമിച്ചത്.
സാക്സോണിയിലെ കേന്ദ്രങ്ങളിൽ നിന്നാണ് ഇയാൾ കുത്തിവയ്പ്പുകൾ സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിപിഎ പ്രകാരം വാക്സിനേഷൻ കാർഡുകൾ അനധികൃതമായി നൽകിയതിനും വ്യാജരേഖ ചമച്ചതിനും ഇപ്പോൾ ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്.
സാക്സണിയിലെ എയ്ലൻബർഗിലുള്ള ഒരു വാക്സിനേഷൻ സെന്ററിൽ നിന്നും വീണ്ടും കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 60 കാരനായ ഇയാൾ പിടിയിലായത്. എന്തായാലും ഇതുവരെ സ്വീകരിച്ച 90 കൊവിഡ് -19 വാക്സിൻ ഷോട്ടുകൾ ഒരാളുടെ ആരോഗ്യത്തിൽ എന്ത് സ്വാധീനം ചെലുത്തിയെന്ന് നിലവിൽ വ്യക്തമല്ല. അമിതമായ പ്രതിരോധശേഷി ലഭിക്കും എന്ന തെറ്റിദ്ധാരണയിൽ രണ്ടിലധികം കുത്തിവയ്പ്പുകൾ സ്വീകരിച്ചവർ ഇന്ത്യയിലുമുണ്ട്. ബീഹാറിൽ നിന്നുള്ള 84 വയസ്സുള്ള ഒരാൾ 11 കുത്തിവയ്പ്പുകൾ സ്വീകരിച്ചിരുന്നു.
Story highlights- German man takes 90 Covid vaccine shots