ഗ്രാമി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി റിക്കി കെജ്; താരമായി അഞ്ച് പുരസ്കാരങ്ങൾ നേടിയ ജോൺ ബാറ്റിസ്റ്റ്

April 4, 2022

64 -മത് ഗ്രാമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അവാർഡ് വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി സംഗീതജ്ഞൻ റിക്കി കെജ്. റോക്ക് ഇതിഹാസം സ്റ്റുവർട്ട് കോപ്ലാന്റിനൊപ്പമാണ് റിക്കി കെജ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരമാണ് ഇവരുടെ ഡിവൈൻ ടൈഡ്സ് സ്വന്തമാക്കിയത്. അതേസമയം പുരസ്കാരവേദിയിൽ നമസ്തേ എന്ന് പറഞ്ഞുകൊണ്ടാണ് റിക്കി കെജ് എത്തിയത്.

ഈ ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതിൽ താൻ ഏറെ സന്തോഷത്തിലാണ്, തന്റെ അടുത്ത് നിൽക്കുന്ന ഈ ഇതിഹാസത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞ റിക്കി എല്ലാവരോടും തനിക്ക് സ്നേഹമാണെന്നും അറിയിച്ചു. റിക്കിയുടെ രണ്ടാമത്തെയും സ്റ്റുവർട്ട് കോപ്ലാന്റിന്റെ ആറാമത്തെയും ഗ്രാമി പുരസ്‌കാരമാണിത്. 2015 ലാണ് റിക്കിയുടെ ആദ്യ ഗ്രാമി പുരസ്‌കാരം. 2015 ലെ വിൻഡ്‌സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെയായിരുന്നു പുരസ്‌കാരം ലഭിച്ചത്.

അതേസമയം വേദിയിൽ ഏറ്റവുമധികം പുരസ്‌കാരങ്ങൾ നേടിയത് ജൊനാഥന്‍ മൈക്കള്‍ ബാറ്റിസ്റ്റ് എന്ന ജോണ്‍ ബാറ്റിസ്റ്റ് ആണ്. അഞ്ച് അവാർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. നേരത്തെ 11 നോമിനേഷനുകളുടെ പേരിലും ജോൺ ബാറ്റിസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണ്‍ ബാറ്റിസ്റ്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയത് ഡോജ ക്യാറ്റ്, ഹെര്‍, ജസ്റ്റിന്‍ ബീബര്‍ എന്നിവര്‍ ആയിരുന്നു. എട്ട് വീതം നോമിനേഷനുകളാണ് അവർ സ്വന്തമാക്കിയത്.

Read also: ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം

അതേസമയം 86 വിഭാഗങ്ങളിലാണ് ഇത്തവണ ഗ്രാമി പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 84 വിഭാഗങ്ങളിലായിരുന്നു. ജനുവരി 31ന് നടക്കേണ്ടിയിരുന്നു പുരസ്കാര ചടങ്ങ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നതാണ്. പുരസ്‌കാര ചടങ്ങിൽ യുക്രേനിയന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി ഒരു വീഡിയോ സന്ദേശത്തിലൂടെ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ചടങ്ങിലെ മുഖ്യ സർപ്രൈസ് ആയിരുന്നു.

Story highlights: Grammy 2022 highlights