തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്
കേരളക്കരയ്ക്ക് മുഴുവൻ അഭിമാനമാകുകയാണ് ഗ്രാമി പുരസ്കാരവേദിയിൽ തിളങ്ങിയ തൃശൂർ സ്വദേശി മനോജ് ജോർജ്. ഇത് രണ്ടാം തവണയാണ് മനോജിനെത്തേടി ഗ്രാമി പുരസ്കാരം എത്തുന്നത്. ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ ‘ഡിവൈൻ ടൈഡ്സി’ലൂടെയാണ് മനോജ് ജോര്‍ജും ഗ്രാമി പുരസ്കാരത്തിന് അർഹനാകുന്നത്. ഇന്ത്യൻ സ്വദേശി റിക്കി കേജാണ് ആല്‍ബം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.
റിക്കി കേജിന്റെയും രണ്ടാമത്തെ ഗ്രാമി പുരസ്കാരമാണിത്. 2015 ലാണ് റിക്കിയുടെ ആദ്യ ഗ്രാമി പുരസ്കാരം. 2015 ലെ വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെയായിരുന്നു പുരസ്കാരം ലഭിച്ചത്. ആ ആൽബത്തിലൂടെത്തന്നെയാണ് മനോജ് ജോർജും ഗ്രാമി പുരസ്കാരത്തിന് അർഹനായത്. അന്ന് മനോജ് ജോര്‍ജായിരുന്നു ആല്‍ബത്തിന്റെ വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തതും മനോജ് ആയിരുന്നു. ഇത്തവണയും റിക്കിയുടെ ഡിവൈൻ ടൈഡ്സിന്റെ വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് ജോര്‍ജ് തന്നെയാണ്.
അതേസമയം ഗ്രാമി പുരസ്കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വയലിനിസ്റ്റും മനോജ് ജോർജ് തന്നെയാണ്. മലയാളികൾക്ക് മാത്രമല്ല ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമായി മാറുകയാണ് മനോജ് ജോർജ് എന്ന തൃശൂർക്കാരൻ.
ഗ്രാമി വേദിയിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയത് ജൊനാഥന് മൈക്കള്‍ ബാറ്റിസ്റ്റ് എന്ന ജോണ്‍ ബാറ്റിസ്റ്റ് ആണ്. അഞ്ച് അവാർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. അതേസമയം 86 വിഭാഗങ്ങളിലാണ് ഇത്തവണ ഗ്രാമി പുരസ്കാരങ്ങൾ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 84 വിഭാഗങ്ങളിലായിരുന്നു. ജനുവരി 31ന് നടക്കേണ്ടിയിരുന്നു പുരസ്കാര ചടങ്ങ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചതാണ്.
Story highlights: Grammy award-winning Malayali Manoj George