ആളുകൾക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കുന്ന കുതിര- ചർച്ചയായി ഒരു വേറിട്ട ‘കുതിര സവാരി’
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പലപ്പോഴും രസകരമായ പല കാഴ്ചകളും ശ്രദ്ധനേടാറുണ്ട്. ജീവിതരീതിയുടെയും സാമൂഹത്തിന്റെയും വ്യത്യസ്തത കാരണം ഈ കാഴ്ചകളൊക്കെ നമുക്ക് കൗതുകമാണ് സമ്മാനിക്കുന്നത്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രവും ഇതുപോലെ ചിരിയും ചിന്തയും സമ്മാനിക്കുകയാണ്. പശ്ചിമ ബംഗാളിൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുന്ന കുതിരയുടെ ചിത്രം വൈറലായിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ ഇങ്ങനെ ചെറിയ മൃഗങ്ങളെ ട്രെയിനിൽ കാണുന്നത് അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പൂർണ്ണവളർച്ചയെത്തിയ ഒരു കുതിരയെ തിരക്കുള്ള ട്രെയിനിൽ യാത്രക്കാർക്കൊപ്പം കാണുന്നത് ആദ്യമാണ്. ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് റെയിൽവേ പരിശോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.
സീൽദാ-ഡയമണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയിനിൽ വ്യാഴാഴ്ചയാണ് ഈ അസാധാരണ സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം സൂചിപ്പിക്കുന്നത്. സൗത്ത് 24 പരഗാനാസിലെ ബാരിപൂരിൽ കുതിരസവാരിയിൽ പങ്കെടുത്ത് ട്രെയിനിൽ മടങ്ങുകയായിരുന്നു കുതിര എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Also: ‘എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ..’-മഞ്ജു വാര്യരെ ചേർത്തണച്ച് സീമ
ആളുകൾക്ക് കാലുകുത്താൻ ഇടമില്ലാത്ത ട്രെയിനിൽ കുതിരയെ കൊണ്ടുവന്നതിന് കുതിരസവാരിക്കാരൻ സഹയാത്രികരിൽ നിന്ന് എതിർപ്പ് നേരിട്ടിരുന്നു.ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്ന് ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല. ‘ഞങ്ങൾക്കും ഇത്തരം ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഏത് സ്റ്റേഷനിലാണ് സംഭവം നടന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. തിരച്ചിൽ തുടരുകയാണ്- എന്നാണ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഏകലവ്യ ചക്രവർത്തി പറയുന്നത്.
Story highlights- horse travelling on local train