കൊച്ചിയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

April 1, 2022

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം നടൻ മോഹൻലാൽ ആണ് ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്തത്. അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള രാവിലെ 9-ന് സരിത തിയേറ്ററില്‍ നടന്ന ഉദഘാടന ചടങ്ങോടെയാണ് ആരംഭിച്ചത്. ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍, സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം രെഹാന ആണ് ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. എറണാകുളത്തെ പ്രമുഖ തിയേറ്ററുകളായ സരിത, സവിത, കവിത എന്നിവടങ്ങളിലായാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള നടക്കുന്നത്.

Read also:ലക്ഷ്യങ്ങൾ തേടിയുള്ള പ്രദീപിന്റെ ഓട്ടം; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപയുടെ സഹായവുമായി ഷോപ്പേഴ്‌സ് സ്റ്റോപ്പ്

70-ഓളം ചിത്രങ്ങളാണ് മേളയിൽ പ്രദര്‍ശിപ്പിക്കുന്നത്. സുവര്‍ണ ചകോരം സ്വന്തമാക്കിയ ചിത്രം ‘ക്‌ളാരാ സോള’, ഏറെ ശ്രദ്ധിക്കപ്പെട്ട ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26 -മത് ഐ എഫ് എഫ് കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read also: മക്കളുടെ വിവാഹസത്കാരദിനത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ; മാതൃകയായി ഒരു കുടുംബം

അതേസമയം മാർച്ച് 25 ആം തിയതിയാണ് തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഒരാഴ്ച നീണ്ടുനിന്ന ചലചിത്രമേള അവസാനിച്ചത്. മുൻപ് എല്ലാ വർഷവും ഐ എഫ് എഫ് കേ തിരുവനന്തപുരത്ത് മാത്രം വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്രമേളയ്ക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ കൊച്ചിയിൽ കൂടി മേള സംഘടിപ്പിക്കാൻ കാരണമായത്. അതേസമയം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ അടക്കം സിനിമയ്ക്ക് വേണ്ടി ഒന്നിച്ചുകൂടുന്ന വേദി കൂടിയാണ് ഐ എഫ് എഫ് കെ.

Story highlights: iffk 2022 kochi