“ഫ്‌ളവേഴ്‌സ് എന്നും എപ്പോഴും എന്നെ ചേർത്ത് നിർത്തിയ ചാനൽ”; ട്വന്റിഫോർ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്

April 11, 2022

മലയാളത്തിന്റെ പ്രിയ നടനാണ് ഇന്ദ്രൻസ്. അഭിനയ മികവ് കൊണ്ടും വ്യക്തിത്വത്തിലെ ലാളിത്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത നടൻ കൂടിയാണ് ഇന്ദ്രൻസ്. നിരവധി പുരസ്‌ക്കാരങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ തന്റെ അഭിനയമികവിന് ഇന്ദ്രൻസ് നേടിയെടുത്തത്. ഇപ്പോൾ ട്വന്റിഫോർ ഐക്കൺ ഓഫ് ദി ഇയർ പുരസ്‌ക്കാരവും ഏറ്റുവാങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ.

പുരസ്ക്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഫ്‌ളവേഴ്‌സ് തന്നെ എന്നും ചേർത്ത് നിർത്തിയ ചാനലാണെന്നാണ് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞത്. സിനിമ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾക്കാണ് ഇന്ദ്രന്സിന് പുരസ്ക്കാരം നൽകിയത്.

വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡോ.ജ്യോതിദേവ് കേശവദേവ് എന്നിവരാണ് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മേഖലയിലെ പ്രമുഖർ.

ഇന്ന് വൈകിട്ട് തിരുവനന്തപുരം കവടിയാറിലെ ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ വച്ചാണ് പുരസ്കാര ചടങ്ങ് നടന്നത്. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ.

Read More: “മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ച ആ പാട്ട്”; പൊട്ടിച്ചിരി പടർത്തി ഒരു കോടി വേദിയിൽ ഇന്നസെന്റ് പങ്കുവെച്ച ഓർമ

ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ചടങ്ങിൽ പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസാരിച്ചു. പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് വിലക്കയറ്റത്തിൻ്റെ നാളുകളാണ്. 2008 മുതലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് വിലക്കയറ്റം രൂക്ഷമാകുന്നത്. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം. അതിനായി പരമാവധി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Indrans receives 24 icon of the year award