സിനിമ ചിത്രീകരണത്തിനായി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിച്ച് ചലച്ചിത്രതാരം സൂര്യ
തമിഴകത്തിന് പുറമെ മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് സൂര്യ. അഭിനയത്തിനപ്പുറം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമായ സൂര്യ സാമൂഹ്യപ്രവർത്തങ്ങൾ നടത്തിയും ഏറെ കൈയടികൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വീടുകൾ സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകി കൈയടിനേടുകയാണ് സൂര്യ.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി നിർമിച്ച വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ തീരുമാനമായത്. കന്യാകുമാരിയിൽ കടലിന്റെ പാശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി നിർമിച്ച വീടുകളാണ് ഇവിടെ അർഹതപ്പെട്ടവർക്ക് നൽകാൻ സൂര്യ തീരുമാനിച്ചത്. പൊതുവെ സെറ്റിട്ട വീടുകളും കെട്ടിടങ്ങളും സിനിമ ചിത്രീകരണത്തിന് ശേഷം പൊളിച്ചു നീക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഈ വീടുകൾ മത്സ്യത്തൊഴിലാളിൾക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഈ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളിൽ അർഹതപ്പെട്ടവർക്ക് ഈ വീടുകൾ നൽകാനാണ് തീരുമാനം. അതേസമയം സൂര്യയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേരും എത്തുന്നുണ്ട്. അതേസമയം മുൻപും ഇത്തരത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി കൈയടി നേടിയ താരമാണ് സൂര്യ.
സൂര്യ ബാല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സൂര്യ ചിത്രത്തിന്റെ വിശേഷങ്ങളാണ് അണിയറയിൽ ശ്രദ്ധനേടുന്നത്. പിതാമകനാണ് ഏറ്റവും അവസാനം ബാലയോടൊപ്പം സൂര്യ ചെയ്ത ചിത്രം. നടൻ വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ഇപ്പോൾ 18 വർഷങ്ങൾക്ക് ശേഷമാണ് ബാലയും സൂര്യയും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ‘സൂര്യ 41’ എന്ന് മാത്രം തല്ക്കാലം പേരിട്ടിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നടൻ സൂര്യയുടെ നാല്പത്തിയൊന്നാമത് ചിത്രമാണ്. നിരവധി മികച്ച ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം എതർക്കും തുനിന്തവൻ ആണ്.
Story highlights: Instead of Demolishing Houses On Film’s Set Suriya Gives Them to Fishermen