കളർഫുൾ പോസ്റ്ററുമായി ‘ജാക്ക് ആൻഡ് ജിൽ’ ടീം- റിലീസിനൊരുങ്ങി ചിത്രം

April 20, 2022

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കളർഫുൾ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.അതേസമയം, ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും വേഷമിടുന്നുണ്ട്.

മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. അഞ്ജലി മേനോൻ ചിത്രം ‘മഞ്ചാടിക്കുരു’വിന് വിവരണം നൽകിയതും പൃഥ്വിരാജ് ആയിരുന്നു. നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്.

Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ

സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി  ’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.

Story highlights- jack and jill first look poster