‘ജീവിതാവസാനം വരെ സംഗീതത്തോട് സത്യസന്ധത പുലർത്തുക’; സിബിഐ തീം മ്യൂസിക്കിന് ഈണമിട്ട സംഗീതജ്ഞൻ ശ്യാം ജേക്‌സ് ബിജോയിയോട് പറഞ്ഞത്

ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സിബിഐ 5: ദി ബ്രെയിൻ’. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സിബിഐ സിനിമ സീരിസിലെ അടുത്ത ചിത്രം പുറത്തു വരാനിരിക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 34 വർഷങ്ങൾക്ക് മുൻപ് 1988 ലാണ് ആദ്യ സിബിഐ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ റിലീസ് ചെയ്തത്. പക്ഷെ ഇപ്പോഴും സേതുരാമയ്യരുടെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറയുന്നത്.
ചിത്രത്തിന്റെ തീം മ്യൂസിക്കിനെ പറ്റിയുള്ള ഒരു ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. സിബിഐ സിനിമകളെ പോലെ തന്നെ ഏറെ ജനപ്രീതി നേടിയ ഒന്നാണ് ചിത്രത്തിന്റെ തീം മ്യൂസിക്. പ്രശസ്ത സംഗീത സംവിധായകൻ ശ്യാമാണ് തീം മ്യൂസിക്കിന് സംഗീതം നൽകിയത്. എന്നാൽ സിബിഐ 5 ന് സംഗീതം നൽകിയിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. ചിത്രത്തിന് സംഗീതം നൽകുന്നതിന് മുൻപ് ജേക്‌സ് ബിജോയി സംഗീത സംവിധായകൻ ശ്യാമിനെ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ജേക്‌സ് ബിജോയി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം.
“സിബിഐ 5 ടീസര്‍ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെയൊക്കെ നല്ല വാക്കുകള്‍ക്ക് നന്ദി. ഈ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുന്നതിനു മുന്‍പ് പ്രിയപ്പെട്ട ശ്യാം സാറിനൊപ്പം ഞാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. ‘ജീവിതാവസാനം വരെ നിങ്ങളുടെ സംഗീതത്തോട് സത്യസന്ധത പുലര്‍ത്തുക, കരിയറില്‍ ഒപ്പം ജോലി ചെയ്‍ത ഓരോരുത്തരോടും നന്ദിയുള്ളവനായിരിക്കുക’. ലഭിക്കുന്ന കൈയടികളുടെയൊന്നും ക്രെഡിറ്റ് ഞാന്‍ എടുക്കുന്നില്ല. ശ്യാം സാറിന്‍റെ ഒരു ഗംഭീര സൃഷ്‍ടിയെ മുന്‍നിര്‍ത്തി ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയാണ് ഉണ്ടായത്”, ശ്യാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജേക്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Story Highlights: Jakes bejoy shares a picture with shyam