അന്ന് മഞ്ജുവിനൊപ്പം ജൂനിയർ ആർട്ടിസ്റ്റായി, ഇന്ന് നായകനായും- മനസ് തുറന്ന് ജയസൂര്യ
ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം നിർവഹിക്കുന്ന മേരി ആവാസ് സുനോ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷൻ പരുപാടികളുമായി സജീവമാണ് താരങ്ങൾ. ഇപ്പോഴിതാ പ്രചാരണ പരുപാടിക്കിടെ ജയസൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ചാണ് ജയസൂര്യ വേദിയിൽ പങ്കുവെച്ചത്.
പത്രം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ലൊക്കേഷനിൽ ചെന്ന് കാത്ത് നിന്ന തനിക്ക് ഇന്ന് അതേ നായികയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു – എന്നാണ് ജയസൂര്യ പറഞ്ഞത്. അതേസമയം ആത്മാർത്ഥ സുഹൃത്തായ പ്രജേഷ് സെന്നിനൊപ്പം ചിത്രം ചെയ്യുന്നതിൽ ഒരു പ്രത്യേക സുഖമാണെന്നും പറയുന്നുണ്ട് താരം.
Read also: കണ്ണീർ പൂവിന്റെ കവിളിൽ തലോടി…മലയാളി ഹൃദയങ്ങൾ ഏറ്റെടുത്ത എവർഗ്രീൻ ഗാനവുമായി എംജി ശ്രീകുമാർ
ക്യപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിൽ ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്ലറുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Story highlights: Jayasurya About Manju Warrier movie Pathram