സ്നേഹനിധിയായ അച്ഛനായും, കളിക്കളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ക്രിക്കറ്റ് താരവുമായി ഷാഹിദ്- ഉള്ളുതൊട്ട് ‘ജേഴ്സി’ ട്രെയ്ലർ
ഷാഹിദ് കപൂർ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ജേഴ്സി. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലർ എത്തി. ആദ്യ ട്രെയ്ലർ പ്രേക്ഷകരിലേക്ക് എത്തിയതിന് പിന്നാലെ റിലീസ് നീളുകയായിരുന്നു. സ്പോർട്സ്-ഡ്രാമയായി ഒരുങ്ങുന്ന ചിത്രമാണ് ‘ജേഴ്സി’.
മൃണാൽ ഠാക്കൂറും ട്രെയിലറിൽ ഷാഹിദിനൊപ്പം ഉണ്ട്. സ്നേഹനിധിയായ പിതാവായും കളിക്കളത്തിൽ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്ന ഒരു മുൻ ക്രിക്കറ്റ് കളിക്കാരനായുമാണ് ഷാഹിദ് കപൂർ വേഷമിടുന്നതെന്ന സൂചനയാണ് ട്രെയ്ലർ സമ്മാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഷാഹിദ് കുറിക്കുന്നു- “രക്തവും വിയർപ്പും വികാരങ്ങളും ഒരുപാട് സ്നേഹവും.. അർജുനും അവന്റെ കഥയും അനുഭവിക്കൂ..’.
‘കബീർ സിംഗ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷാഹിദിന്റെ ആദ്യ ചിത്രമാണ് ഇത്. കബീർ സിംഗിന് ശേഷം ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് പറയുകയാണ് ഷാഹിദ് കപൂർ. സംവിധായകൻ ഗൗതം ടിന്നനൂരി സംവിധാനം ചെയ്യുന്ന ‘ജേഴ്സി’, കൊവിഡ് പ്രതിസന്ധി മൂലമുള്ള നിരവധി കാലതാമസങ്ങളെ അതിജീവിച്ചതിന് ശേഷം ഏപ്രിൽ 14 ന് ബിഗ്സ്ക്രീനിൽ എത്തും.
ജേഴ്സിയിൽ ക്രിക്കറ്റ് താരമായി എത്തുന്ന ഷാഹിദ്, ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോ ലോക്ക് ഡൗൺ സമയത്ത് പങ്കുവെച്ചിരുന്നു. പങ്കജ് കപൂർ, മൃണാൾ താക്കൂർ എന്നിവരും ജേഴ്സിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാനി അഭിനയിച്ച ‘ജേഴ്സി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഷാഹിദ് ചിത്രം. 2020 ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി കാരണം കാലതാമസം നേരിടുകയായിരുന്നു.
Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ
അതേസമയം, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് ഷാഹിദ് കപൂർ അടുത്തതായി അഭിനയിക്കുന്നത്. സംവിധായകൻ ശശാങ്ക് ഖൈതാനാണ് സംവിധാനം.ആക്ഷൻ ചിത്രമാണ് ശശാങ്ക് സംവിധാനം ചെയ്യുന്നത്. യോദ്ധ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജേഴ്സി പൂർത്തിയായാലുടൻ യോദ്ധയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഷാഹിദ് കപൂർ.
Story highlights- jersey trailer