ക്രൈം ത്രില്ലറുമായി ജയസൂര്യ- ‘ജോൺ ലൂഥർ’ ട്രെയ്‌ലർ

April 21, 2022

നവാഗതനായ അഭിജിത്ത് ജോസഫ് നടൻ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോൺ ലൂഥർ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അഭിജിത്ത് ജോസഫ് തന്നെയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. ഒരു റോഡപകടത്തിനു ശേഷം ആളെ കാണാതായതിനു പിന്നിലെ ദുരൂഹത പരിഹരിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയസൂര്യ അഭിനയിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷം ജയസൂര്യ ത്രില്ലറുമായി എത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയാണ്. ഒരു മഴക്കാലത്ത് നടന്ന ഒരു റോഡ് അപകടത്തിന്റെ കേസ് അന്വേഷിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തെ കാണിച്ചാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നീട്, ഒരു അപകടത്തെ തുടർന്ന് ഈ കഥാപാത്രത്തിന് കേൾവിക്കുറവ് സംഭവിക്കുന്നു. ദീപക്, സിദ്ദിഖ്, ദൃശ്യ രഘുനാഥ്, ആത്മീയ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നാറിലെ ദേവികുളത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ഇതൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ട്രെയ്ൽർ നൽകുന്നത്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്ത റോബി വർഗീസ് രാജാണ് ജോൺ ലൂഥറിന്റെ ഛായാഗ്രാഹകൻ. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് വിഭാഗത്തിന് നേതൃത്വം നൽകിയ ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

അതേസമയം, നിരവധി ചിത്രങ്ങളാണ് ജയസൂര്യ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. നാദിർഷയുടെ സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡിയ്ക്ക് പകരം ത്രില്ലർ സ്വഭാവമുള്ള ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ഈശോ. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Story highlights- john luther trailer