എല്ലാ രാധമാർക്കും ഉണ്ടാകും കൃഷ്ണനേക്കാൾ വേദനിക്കുന്ന ഒരു കഥ പറയാൻ; ഏറെ സസ്പെൻസ് നിറച്ച് അവിയൽ ട്രെയ്‌ലർ

April 1, 2022

പ്രേക്ഷകർ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രമാണ് അവിയൽ. ചിത്രത്തിന്റെ ടീസറും പാട്ടുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നിറയെ സസ്പെൻസുകൾ നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രം പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും പൂർത്തിയാക്കിയ ചിത്രത്തിൽ ജോജുവിന് പുറമെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനിൽ മുഹമ്മദാണ്.

അനശ്വര രാജൻ, അഞ്ജലി നായർ, ആത്മീയ, കേതകി നാരായണൻ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം നിറയെ സസ്പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ച് ഒരു സൂചനയും നൽകാത്ത രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രണയവും വിരഹവും കുടുംബബന്ധവുമടക്കം ചിത്രത്തിൽ ഡിക്സസ് ചെയ്യുന്നുണ്ട് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

Read also: എല്ലാ കുരുന്നുകൾക്കുംവേണ്ടി മലയാളത്തിന്റെ പ്രിയഗായിക പാടി…’ഉണ്ണി വാവാവോ…’, ഹൃദ്യം ഈ വിഡിയോ

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ  ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥയാണ് ചിത്രം പറയുന്നത്. നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി രണ്ട് വർഷത്തോളം സമയമെടുത്താണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

അച്ഛൻ -മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ജോസഫ് എന്ന ചിത്രത്തിൽ ജോജുവിന്റെ നായികയായ എത്തിയ ആത്മീയ രാജനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ പ്രത്യേകതകളുമായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഏപ്രിൽ ഏഴ് മുതലാണ് സിനിമ റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസ് ആയിരിക്കും സിനിമ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story highlights: Joju George Aviyal Trailer