ആത്മഹത്യയുടെ വക്കിൽ നിന്നും ആരാധകനെ പിന്തിരിപ്പിച്ച കെ എസ് ചിത്രയുടെ ഗാനം; ഉള്ളുതൊട്ട അനുഭവവുമായി പ്രിയഗായിക
മാന്ത്രിക ശബ്ദത്തിലൂടെ മലയാളികളുടെ വാനമ്പാടിയായി മാറിയ ഗായികയാണ് കെ എസ് ചിത്ര. സംഗീതരംഗത്ത് കെ എസ് ചിത്രയെ ചുറ്റിപ്പറ്റി പണ്ടുമുതൽ നിലനിൽക്കുന്ന ഒരു തമാശയുണ്ട് ‘നരസിംഹറാവുവിനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, അതുപോലെ ചിത്രയുടെ ചിരി നിർത്താനും നിങ്ങൾക്ക് കഴിയില്ല’- അത്രക്ക് പ്രസന്നമായ മുഖവും നിറചിരിയുമായി മാത്രമേ കെ എസ് ചിത്രയെ സംഗീതാസ്വാദകർക്ക് ഓർമ്മിക്കാൻ സാധിക്കു..
വിഖ്യാതമായ സംഗീത ജീവിതത്തിൽ തന്റെ പാട്ടുകളിലൂടെ പുഞ്ചിരി വിടർത്തുകയാണ് ഈ വാനമ്പാടി. വിവിധ ഭാഷകളിലായി 25,000-ലധികം ഗാനങ്ങൾ ഇതിനോടകം കെ എസ് ചിത്ര ആലപിച്ചുകഴിഞ്ഞു. സംഗീതലോകത്തെ ഉള്ളുതൊടുന്ന അനുഭവങ്ങളുമായി ഫ്ളവേഴ്സ് ഒരു കോടി വേദിയിലേക്ക് എത്തിയിരിക്കുകയാണ് പ്രിയ ഗായിക. സംഗീതലോകത്തെ അനുഭവങ്ങളും പാട്ടോർമ്മകളും വേദനയും സന്തോഷവും പകർന്ന അനുഭവങ്ങളുമെല്ലാം കെ എസ് ചിത്ര പങ്കുവയ്ക്കുന്നു.
സംഗീത യാത്രയിൽ കെ എസ് ചിത്രയുടെ ഒട്ടേറെ ഗാനങ്ങൾ പലരെയും ജീവിതത്തിലേക്ക് മടക്കിയെത്തിച്ചിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ നിന്ന ഒരാളുടെ അനുഭവം നേരിട്ട് അറിഞ്ഞതാണ് ഗായികയും. അതിനെക്കുറിച്ച് കെ എസ് ചിത്ര പങ്കുവയ്ക്കുകയാണ്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ കെ എസ് ചിത്ര ആലപിച്ച ഗാനമാണ് ‘ഓവ്വോരു പൂക്കളുമേ..’ എന്ന ഗാനം. കണ്ണീരണിയാതെ ആർക്കും ആ ഗാനം കേട്ട് മുഴുമിപ്പിക്കാനാകില്ല. അത്രക്ക് ആഴത്തിൽ അർത്ഥതലങ്ങളും വൈകാരികതയും നിറഞ്ഞ ആ ഗാനം ഒരു ആരാധകന്റെ ജീവൻ രക്ഷിച്ച അനുഭവമാണ് ഗായിക പങ്കുവെച്ചത്.
Read Also: 83- ആം വയസിൽ സൈക്കിൾ സവാരിക്കിറങ്ങിയ ‘അമ്മ. ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം
ജീവിതം മടുത്തു നിന്ന അവസരത്തിൽ എല്ലാം അവസാനിപ്പിക്കാം എന്നയാൾ തീരുമാനിച്ചു. അങ്ങനെയൊരു തീരുമാനത്തിൽ നിൽകുമ്പോൾ എവിടെനിന്നോ ഈ ഗാനം അയാൾ കേട്ടു. അപ്പോൾ തോന്നി, എന്തുമണ്ടത്തരമാണ് താൻ കാണിക്കുന്നതെന്ന്. എന്തുകൊണ്ട് മുന്നോട്ട് ഒന്ന് പൊരുതികൂടാ, ഒന്ന് ശ്രമിച്ച് നോക്കാം എന്ന് അയാൾക്ക് തോന്നി. അങ്ങനെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി. ഒരു ചടങ്ങിൽവെച്ച് കെ എസ് ചിത്രയെ നേരിൽ കണ്ട് കാലുതൊട്ട് പറഞ്ഞ അനുഭവമാണ് ഇത്.
Story highlights- KS Chithra about her song that deterred fans from committing suicide