‘എന്റെ അനിയത്തിപ്രാവുകൾ’- സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ

April 21, 2022

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ഈ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്‌സെറ്ററായി മാറി. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രേക്ഷകർക്കിടയിൽ ‘അനിയത്തിപ്രാവ്’ ആഘോഷിക്കപ്പെടുമ്പോൾ സ്വന്തം അനിയത്തിപ്രാവുകളെ പരിചയപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ.

സഹോദരിമാർക്കൊപ്പമുള്ള രസകരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടൻ ഒരു കുറിപ്പും പങ്കുവെച്ചിരിക്കുന്നു. ‘അനിയത്തിപ്രാവുകൾ…..നിങ്ങളെപ്പോലെ ക്രേസിയും രസികരുമായ സഹോദരങ്ങളെ നിങ്ങൾക്ക് ലഭിച്ചപ്പോൾ!!’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു. കുഞ്ചാക്കോ ബോബന്റെ എല്ലാ സന്തോഷങ്ങളിലും നിൽക്കുന്നവരാണ് സഹോദരങ്ങളായ അനുവും മിനുവും. സഹോദരിമാരും ഭാര്യ പ്രിയയും പങ്കുവയ്ക്കുന്ന സൗഹൃദത്തെ കുറിച്ചും കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയായിരുന്നു മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാൾ. ആഘോഷചിത്രങ്ങളും നന്ദിയുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹശേഷം നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. അന്നുമുതൽ മലയാളികളെല്ലാം ഇസു എന്ന ഇസഹാക്കിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുണ്ട്.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

അതേസമയം, കരിയറിൽ ഒരു ചോക്ലേറ്റ് നായകനായാണ് തുടക്കമെങ്കിലും താരം വഴിമാറി സഞ്ചരിച്ചുകഴിഞ്ഞു. ഒട്ടേറെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെയും ത്രില്ലർ ചിത്രങ്ങളുടെയും ഭാഗമായി കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. അതേസമയം, ‘എന്താടാ സജി’, ‘നീലവെളിച്ചം’, ‘പത്മിനി’, ‘ഒറ്റ്’, ‘അറിയിപ്പ്’, ‘2403 ഫീറ്റ്’ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘ന്നാ, താൻ കേസ് കൊട്’ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

Story highlights- kunchacko boban with his sisters