‘വമ്പൻ സിനിമകൾക്കിടയിൽ തിയേറ്റർ നിറയ്ക്കാൻ ഈ സിനിമക്ക് സാധിച്ചു’; അനൂപ് മേനോൻ ചിത്രത്തെ പ്രശംസിച്ച് ലാൽ ജോസ്

ഭീഷ്മപർവ്വം, ആർആർആർ അടക്കമുള്ള വലിയ ചിത്രങ്ങൾക്കിടയിൽ റിലീസിനെത്തി പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ’21 ഗ്രാംസ്.’ നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു സസ്പെൻസ്-ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ്. അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.
ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖർ നേരത്തെ തന്നെ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മലയാളത്തിലെ ഹിറ്റ് സംവിധായകരായ ജീത്തു ജോസഫ്, മിഥുൻ മാനുവൽ അടക്കമുള്ളവർ 21 ഗ്രാംസിനെ പറ്റിയുള്ള തങ്ങളുടെ മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസാണ് ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
വമ്പൻ ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്തിട്ടും വലിയ രീതിയിൽ തിയേറ്ററുകളിൽ ആളുകളെ എത്തിക്കാൻ സിനിമക്ക് കഴിഞ്ഞുവെന്നും അത് വലിയൊരു കാര്യമാണെന്നുമാണ് ലാൽ ജോസ് പറയുന്നത്.
നല്ല തിയേറ്റർ അനുഭവം നൽകിയ ചിത്രം അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ഓരോ പ്രേക്ഷകനിലും ഉണ്ടാക്കുന്നുവെന്നും ലാൽ ജോസ് അഭിപ്രായപ്പെട്ടു. നവാഗത സംവിധായകനും നടൻ അനൂപ് മേനോനുമൊപ്പം ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും ആശംസകൾ നേർന്ന് കൊണ്ടാണ് ലാൽ ജോസ് കുറിപ്പ് പങ്കുവെച്ചത്.
“21 ഗ്രാംസ് കണ്ടു. നല്ല തീയേറ്റർ എക്സ്പീരിയൻസ്. അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ചിത്രം. വമ്പൻ പടങ്ങൾക്കിടയിലും തിയേറ്റർ നിറക്കാൻ ഈ സിനിമക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകൻ ബിബിൻ കൃഷ്ണ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി.”- ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
Read More: ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് നിഗൂഢ രക്ത തടാകം, വൈറലായ ചിത്രത്തിന് പിന്നിൽ…
അനൂപ് മേനോനൊപ്പം അനു മോഹൻ, ലിയോണ ലിഷോയ്, ലെന, നന്ദു, ചന്തുനാഥ്, രഞ്ജിത്, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജിത്തു ദാമോദർ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയപ്പോൾ അപ്പു എൻ ഭട്ടതിരിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവാണ് 21 ഗ്രാംസിന് സംഗീതം നൽകിയിരിക്കുന്നത്.
Story Highlights: Lal jose about 21 grams