ചുഴലിക്കാറ്റിനിടെ ഓടിക്കൊണ്ടിരുന്ന കാറിൽ മിന്നലേറ്റു; കണ്ണുചിമ്മിയാൽ നഷ്ടമാകുന്ന അപൂർവ്വ കാഴ്ച ക്യാമറയിൽ പതിഞ്ഞപ്പോൾ- വിഡിയോ
അമ്പരപ്പിക്കുന്ന അപൂർവ്വ നിമിഷങ്ങൾ പ്രകൃതി സമ്മാനിക്കാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസ്എയിലെ മിഡ്വെസ്റ്റേൺ സ്റ്റേറ്റായ അയോവയിൽ പിറന്നത്. ചുഴലിക്കാറ്റിനിടയിൽ ഒരു കാറിൽ ഇടിമിന്നലേൽക്കുന്നതിന്റെ അപൂർവ്വ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സ്റ്റോം ചേസർ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ റിസ്കെ ഏപ്രിൽ 12 ന് അയോവയിലെ ഗിൽമോറിൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് വിഡിയോ പകർത്താൻ ആവശ്യപ്പെട്ടിരുന്നു.
അപ്പോഴാണ് അപ്രതീക്ഷിതമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ തന്നെ സുഹൃത്തിന്റെ ടൊയോട്ട പ്രിയസിലാണ് ഇടിമിന്നലേറ്റത്.’ജീവിതത്തിൽ ഒരിക്കൽ മാത്രം’ സാധിക്കുന്ന ഷോട്ട് എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. തന്റെ സുഹൃത്തിന്റെ കാർ ഈ മിന്നലേറ്റതിനെ തുടർന്ന് നിശ്ചലമായെന്നും ഇപ്പോഴും കാറിന്റെ അറ്റകുറ്റപ്പണി തുടരുകയാണെന്നും റിസ്കെ കുറിക്കുന്നു.
ഇടിശബ്ദം മുഴങ്ങിയപ്പോൾ തന്നെ കാര് തിരിച്ച് പോകാൻ ശ്രമിക്കുകയായിരുന്നു മിന്നലേറ്റ കാറിലുള്ളവർ. കണ്ണുചിമ്മുന്ന വേഗതയിലാണ് ആ മിന്നൽ കാറിൽ പ്രഹരമേല്പിച്ചത്. ഒന്ന് കണ്ണടച്ചു തുറന്നാൽ നഷ്ടമാകുമായിരുന്ന വേഗതയാണ് മിന്നലിനുണ്ടായിരുന്നത്. കാറിന്റെ പിൻവശത്തെ വിൻഡോയിലാണ് ഇടിമിന്നൽ പതിച്ചത്.
Read Also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ
മിന്നൽ യഥാർത്ഥ വേഗതയിലും കുറഞ്ഞ വേഗതയിലും വിഡിയോയിൽ കാണാൻ സാധിക്കും. ഏറ്റവും സാവധാനത്തിൽ പോലും, മിന്നൽ ഒരു സെക്കൻഡിൽ കൂടുതൽ നീണ്ടുനിൽക്കില്ല. പക്ഷെ കാറിൽ തീപ്പൊരികൾ പതിക്കുന്നത് കാണാൻ സാധിക്കും. ചൊവ്വാഴ്ച അയോവയിൽ മാത്രം വീശിയടിച്ച 10 ചുഴലിക്കാറ്റുകളിൽ ഒന്നാണ് ഈ മിന്നലിന് കാരണമായത്. കഠിനമായ കാലാവസ്ഥ യുഎസിൽ പിടിമുറുക്കിയതിനാൽ നിരവധി കൊടുങ്കാറ്റുകൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
Story highlights- Lightning strikes car