വൈകല്യങ്ങൾക്ക് മുന്നിൽ തളർന്നില്ല; ഒന്നരലക്ഷം തീപ്പെട്ടികൊള്ളികൾ കൊണ്ട് എം എ യൂസഫലിയുടെ പോർട്രെയ്റ്റ് ഒരുക്കി യുവാവ്- വിഡിയോ

April 21, 2022

എട്ടുവർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണപ്പോൾ അവിടെ സ്വപ്നങ്ങളും അവസാനിച്ചു എന്നാണ് ഇടുക്കി സ്വദേശിയായ ടുട്ടുമോൻ വിചാരിച്ചിരുന്നത്. നടുവിന് താഴേക്ക് തളർന്നനിലയിൽ കിടന്ന കിടപ്പിൽനിന്നും ഒരുമാറ്റവും ഉണ്ടാകില്ല എന്ന ഡോക്ടർമാരുടെ വിധിയെഴുത്തിനെ പോലും മറികടന്ന് ഇന്ന് വാക്കറിൽ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിൽ എത്തിനിൽക്കുകയാണ് നിഷാന്ത് എന്ന ടുട്ടുമോൻ.

മാതാപിതാക്കളുടെ പിന്തുണയും ആത്മധൈര്യവുംകൊണ്ട് കലയിലൂടെ വൈകല്യത്തെ തോൽപ്പിക്കുകയായിരുന്നു ഇദ്ദേഹം. പെയിന്റിംഗ് ആയിരുന്നു നിഷാന്തിന്റെ തൊഴിൽ. അപകടത്തെ തുടർന്ന് വീട്ടിലിരുപ്പായതോടെ ചിത്രകലയിൽ സജീവമായി ഇദ്ദേഹം. ഇന്ന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ പേരുചേർത്തുകഴിഞ്ഞു ടുട്ടുമോൻ. മുപ്പത്തിരണ്ടായിരത്തിലധികം സ്ക്രൂവുകൾ ഉപയോഗിച്ച് സുരേഷ് ഗോപിയുടെ പോർട്രെയ്റ്റ് ഒരുക്കിയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

കോമഡി ഉത്സവ വേദിയിൽ മിമിക്രി അവതരിപ്പിച്ചാണ് എത്തിയതെങ്കിലും കൗതുകമായത് ഒന്നരലക്ഷം തീപ്പെട്ടികൊള്ളികൾ കൊണ്ട് വ്യവസായി എം എ യൂസഫലിയുടെ പോർട്രെയ്റ്റ് ഒരുക്കിയതാണ്. അതീവ സൂക്ഷ്മതയോടെ ഒട്ടേറെ സമയമെടുത്താണ് ടുട്ടുമോൻ ഈ ചിത്രം ഒരുക്കിയത്. ഈ ചിത്രം എം എ യൂസഫലിയുടെ കൈകളിലേക്ക് എത്താനുള്ള സഹായങ്ങൾ ചെയ്യാമെന്ന് നടൻ ഗിന്നസ് പക്രു ടുട്ടുമോനും കുടുംബത്തിനും ഉത്സവവേദിയിൽ വെച്ച് വാക്കും നൽകി.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Story highlights- man prepared the portrait of MA Yousaf ali with one and a half lakh matches