9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച
വളരെയധികം ക്ഷമയും സമയവും ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ് ലെഗോ ബ്ലോക്കുകൾ കൂട്ടിച്ചേർക്കുന്ന പ്രക്രിയ. നമുക്ക് ഇഷ്ടമുള്ള മാതൃകകൾ അല്പം അധികം പരിശ്രമത്തിലൂടെ ലെഗോ ബ്ലോക്ക് ഉപയോഗിച്ച് നിർമിക്കാൻ സാധിക്കും. ഒരു വ്യക്തിയുടെ ക്ഷമ, ബുദ്ധിപരമായ നീക്കങ്ങളൊക്കെ പരിശോധിക്കണമെങ്കിൽ ലെഗോ ബ്ലോക്ക് ഉപയോഗിച്ച് എന്തെങ്കിലും മിനിയേച്ചർ രൂപം ഒരുക്കാൻ പറഞ്ഞാൽ മതിയെന്ന് സാരം. ശാരീരികമായും ധാരാളം സമ്മർദ്ധം അനുഭവിച്ചാണ് പലരും ലെഗോ ബ്ളോക്കുകൾ ഉപയോഗിച്ച് രൂപങ്ങൾ തയായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സർഗ്ഗാത്മകതയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറിയ ഒരു പസിൽ ആണിത്.ഇപ്പോഴിതാ, യുഎസിൽ നിന്നുള്ള ഒരാൾ അടുത്തിടെ 9,090 പീസുകളുള്ള ഒരു സെറ്റ് കൂട്ടിച്ചേർത്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. പോൾ ഉഫെമ എന്ന വ്യക്തിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. യൂട്യൂബിൽ ‘ഓൾ ന്യൂ ബ്രിക്സ്’ ചാനൽ നടത്തുന്ന ഇദ്ദേഹം ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് രൂപങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനാണ്.
ലെഗോ ബ്ലോക്ക് ഉപയോഗിച്ച് ജുറാസിക് പാർക്കിലെ ദിനോസറുകൾ, സ്റ്റാർ വാർസ് ലൊക്കേഷനുകൾ, അരീനകൾ, ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡ് എന്നിവയെല്ലാം സൃഷ്ടിച്ച യുഫെമ ടൈറ്റാനിക്ക് നിർമ്മിച്ചാണ് റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുന്നത്. 10 മണിക്കൂർ 46 മിനിറ്റ് 31 സെക്കൻഡിൽ 9,090 ബ്ലോക്കുകൾ ഉപയോഗിച്ച് ടൈറ്റാനിക് മാതൃക രൂപകൽപ്പന ചെയ്ത് അദ്ദേഹം പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.
ഉഫെമ ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് ചേർക്കുന്നത് ആദ്യമല്ല. 14 മണിക്കൂറിനുള്ളിൽ 9,036 കഷണങ്ങളുള്ള ലെഗോ ബ്ലോക്ക് ഉപയോഗിച്ച് കൊളോസിയം നിർമിച്ചതിലൂടെ അദ്ദേഹം മുമ്പ് റെക്കോർഡ് സ്ഥാപിച്ചിരുന്നു.
Story highlights- Man assembles 9,090-piece Lego Titanic set