കണ്ണീർ പൂവിന്റെ കവിളിൽ തലോടി…മലയാളി ഹൃദയങ്ങൾ ഏറ്റെടുത്ത എവർഗ്രീൻ ഗാനവുമായി എംജി ശ്രീകുമാർ

April 25, 2022

കണ്ണീർ പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങീ.. (കണ്ണീര്‍…)
മറുവാക്കുകേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂതുമ്പി എങ്ങോ മറഞ്ഞു.. എന്തേ..
പുള്ളോര്‍ കുടം പോലെ തേങ്ങി….

ഉള്ളിൽ വേദനയുടെ തേങ്ങൽ മുഴങ്ങുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയ്ക്കുന്ന മനോഹരഗാനം. ഈണം കൊണ്ടും ഭാവം കൊണ്ടും വരികൾ കൊണ്ടും മലയാളി ഹൃദയത്തോട് ആഴത്തിൽ ചേർന്ന് നിൽക്കുന്ന ഗാനം. ഇങ്ങനെ എത്ര പറഞ്ഞാലും മതിയാവില്ല മലയാളികൾക്ക് കിരീടം എന്ന ചിത്രത്തിലെ ഈ ഗാനത്തോടുള്ള സ്നേഹം. പ്രണയവും വിരഹവും വിപ്ലവവുമടക്കം നിരവധി ഹിറ്റ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും പാട്ടുകൾക്ക് ഈണം നൽകിയ ജോൺസൺ മാസ്റ്ററുടെയും കൂട്ടുകെട്ട് ഒന്നിച്ച ഗാനം പാട്ട് പ്രേമികൾ കേട്ടാസ്വദിച്ചത് എംജി ശ്രീകുമാർ എന്ന പ്രിയഗായകന്റെ ശബ്ദത്തിലൂടെയാണ്.

ഇപ്പോഴിതാ അതേഗായകന്റെ ശബ്ദത്തിലൂടെ ഈ ഗാനം കേൾക്കാൻ വീണ്ടും അവസരം ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന പാട്ട് വേദിയിലെ വിധികർത്താവാണ് ഗായകൻ എംജി ശ്രീകുമാർ. കുരുന്നുകളുടെ മനോഹരമായ പാട്ടുകൾക്കൊപ്പം അവർക്ക് പാട്ട് പാടിനൽകിയും പറഞ്ഞുനല്കിയും കുരുന്നുകളുടെ പ്രിയ എംജി അങ്കിളായി താരവും വേദിയിലെ സ്ഥിര സാന്നിധ്യമാണ്.

വേദിയിൽ കുഞ്ഞുങ്ങളുടെ പാട്ടിന് ശേഷം ഈ ഗാനം ആലപിക്കുകയാണ് എംജി ശ്രീകുമാർ. അതിഗംഭരമായ ഈ പാട്ട് വീണ്ടും അതേ ഗായകന്റെ ശബ്ദത്തിലൂടെ കേൾക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വേദിയും കുരുന്ന് പാട്ടുകാരും.

മോഹൻലാലിനെ നായകനാക്കി സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിലെ ഗാനമാണിത്. സേതുമാധവൻ എന്ന കഥാപാത്രമായി അവിശ്വസനീയമാം പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കൈവെള്ളയിലൂടെ സ്വന്തം ജീവിതം ചോർന്നൊലിക്കുന്നത് കണ്ടുനിൽക്കുന്ന സേതുമാധവൻ എന്ന ചെറുപ്പക്കാരനും അവന്റെ അവസ്ഥയുമാണ് സിനിമ പറയുന്നത്. ചെറുപ്പം മുതൽ തന്റേതായി കരുതിയ പ്രിയപ്പെട്ടവൾ അടക്കം ആരുമല്ലാതായി മാറുന്നതുൾപ്പെടെ ഒരു യുവാവിന് ജീവിതായുസ്സിൽ സഹിക്കാവുന്ന വേദനകൾ മുഴുവൻ വരച്ചുകാണിച്ച പാട്ട് കൂടിയാണിത്.

Story highlights: MG sings most favourite song of Malayalis