ഒന്നിച്ച് കൈകോർത്ത് വിമാനങ്ങളിൽ നിന്നും ചാടി അറുപതിനുമുകളിൽ പ്രായമുള്ള നൂറോളം ആളുകൾ; അമ്പരപ്പിച്ച സ്കൈഡൈവിംഗ് കാഴ്ച
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്.ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ.
അതുതന്നെയാണ് ഇപ്പോൾ ഒരുകൂട്ടം ആളുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്.സാഹസിക കായിക വിനോദങ്ങൾ തീർച്ചയായും 60-കളിലേക്ക് ചുവടുവയ്ക്കുന്നവർ തിരഞ്ഞെടുക്കാറില്ല. എന്നാൽ ഒരു ലോക റെക്കോർഡ് തകർക്കാൻ ധീരമായ ഒരു പ്രവർത്തിക്ക് ഇറങ്ങിത്തിരിച്ചത് ഒന്നോ രണ്ടോ ആളുകളല്ല, നൂറോളം അറുപതിനുമുകളിൽ പ്രായമുള്ളവരാണ്.
60 വയസ്സിനു മുകളിൽ പ്രായമുള്ള 107 സ്കൈഡൈവർമാർ അടങ്ങുന്ന ഒരു സംഘം കാലിഫോർണിയയിൽ വിമാനങ്ങളിൽ നിന്ന് ചാടി ഒരു ലോക റെക്കോർഡ് ഭേദിക്കാനായി ശ്രമിച്ചതാണ് ശ്രദ്ധേയം. വിജയകരമായില്ലെങ്കിലും ഇവരുടെ ശ്രമം വൈറലാകുകയും പ്രശംസ നേടുകയും ചെയ്തു.
ലോകമെമ്പാടുമുള്ള സ്കൈഡൈവർമാരുടെ സംഘമാണ് ഏപ്രിൽ 10 ന് ദക്ഷിണ കാലിഫോർണിയയിൽ ലോക റെക്കോർഡ് നേടാൻ ശ്രമിച്ചത്.
സ്കൈഡൈവേഴ്സ് ഓവർ സിക്സ്റ്റി എന്ന സംഘം, പെറിസിൽ നിന്ന് വിമാനത്തിൽ കയറുകയായിരുന്നു. 107 പൗരന്മാരുള്ള ഏറ്റവും വലിയ ഫ്രീ ഫാൾ എന്ന റെക്കോർഡാണ് അവർ ലക്ഷ്യമിടുന്നത്. നിലവിൽ 75 പേർ പങ്കെടുത്ത ഫ്രീ ഫാൾ ആണ് ലോക റെക്കോർഡ് കണക്കിലുള്ളത്. ഇത് 2015 ൽ ഇല്ലിനോയിസിൽ സ്ഥാപിച്ചതാണ്.
റിപ്പോർട്ടുകൾ പ്രകാരം, സ്കൈഡൈവർമാർ ഞായറാഴ്ച ഫ്രീ ഫാൾ പൂർത്തിയാക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. അവരുടെ അവസാന ശ്രമത്തിൽ ഏകദേശം വിജയം കണ്ടെത്തി. താലനാരിഴയ്‌ക്കാണ് അവർക്ക് റെക്കോർഡ് തകർക്കാനാകാതെ പോയത്.
Story highlights- More than 100 people jumped out of planes