‘നീലവെളിച്ചം’ പ്രകാശിക്കുന്നു; ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം ഷൂട്ടിംഗ് തുടങ്ങി

മികച്ച വിജയം നേടിയ ‘നാരദന്’ ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ‘നീലവെളിച്ചത്തിന്റെ’ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.
ടൊവിനോ തോമസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങളും ചിത്രത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.
അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന് മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
അതേ സമയം ‘നീലവെളിച്ചം’ നേരത്തെ തന്നെ സിനിമയായിട്ടുണ്ട്. ‘ഭാർഗവീനിലയം’ എന്ന പേരിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് കഥാകാരനായ ബഷീർ തന്നെയായിരുന്നു.
ആഷിഖ് അബു- ടൊവിനോ തോമസ് കൂട്ടുക്കെട്ടിൽ തുടർച്ചയായി വരുന്ന നാലാമത്തെ ചിത്രമായിരിക്കുകയാണ് ‘നീലവെളിച്ചം.’ നാരദനാണ് ഇരുവരുടെയും കൂട്ടുക്കെട്ടിൽ പുറത്തു വന്ന അവസാനത്തെ ചിത്രം. ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു.
Story Highlights: Neelavelicham shooting begins