‘അവരെ പോലെ സിനിമയിൽ നിലനിൽക്കാൻ ഒരുപാട് പൊരുതേണ്ടി വരും’; തന്നെ സ്വാധീനിച്ച നടന്മാരെ പറ്റി ബാഹുബലി താരം പ്രഭാസ്

April 20, 2022

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച തെലുങ്ക് സൂപ്പർതാരമാണ് പ്രഭാസ്. ഒരു പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാർ കൂടിയാണ് താരം. അതിനാൽ തന്നെ പ്രഭാസിന്റെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും വലിയ ആവേശത്തോടെയാണ് ഇന്ത്യ മുഴുവനുള്ള സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

ഇപ്പോൾ തന്റെ മുൻപോട്ടുള്ള സിനിമ ജീവിതത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നടൻ പ്രഭാസ്. ഇനിയും ഒരു 10 വർഷം കൂടി തനിക്ക് സിനിമ മേഖലയിൽ നിൽക്കാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്നാണ് പ്രഭാസ് പറയുന്നത്. ആ സമയം കൊണ്ട് സിനിമയെ പറ്റി തനിക്ക് കൂടുതൽ അറിയാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നടൻ പറഞ്ഞു. അതിനും മുകളിലേക്ക് നിൽക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണമെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വലിയ പ്രചോദനമാണെന്നാണ് പ്രഭാസ് പറയുന്നത്. ഈ താരങ്ങളെ പോലെ സിനിമയിൽ നിലനിൽക്കാൻ വലിയ കഠിനാധ്വാനം ആവശ്യമാണെന്നും പ്രഭാസ് പറയുന്നു.

“മലയാള സിനിമയില്‍ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്നവരാണ്. ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വീണ്ടും പൊരുതുക. അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്ക് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്. എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും.” ഒരു മലയാളം മാഗസിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു.

Read More: കെജിഎഫ് 2 വിനൊപ്പം പടമിറക്കുന്നത് റിസ്‌ക്കല്ലേയെന്ന് ചോദ്യം; വൈറലായി പിഷാരടിയുടെ മറുപടി

‘രാധേ ശ്യാം’ ആണ് പ്രഭാസിന്റേതായി അടുത്ത് പുറത്തു വന്ന ചിത്രം. മലയാളി താരം ജയറാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights: Prabhas about mammootty and mohanlal