ആടുജീവിതത്തിനായി സഹാറ മരുഭൂമിയിൽ; വിശേഷങ്ങളുമായി പൃഥ്വിരാജ്
ചലച്ചിത്രലോകത്ത് അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമൊക്കെ ശ്രദ്ധ നേടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ഇപ്പോഴിതാ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആടുജീവിതം സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അൾജീരിയയിലാണ് സിനിമയുടെ ഈ ഘട്ട ചിത്രീകരണം നടക്കുന്നത്. സിനിമ ഷൂട്ടിന്റെ ഭാഗമായി സഹാറ മരുഭൂമിയിൽ എത്തിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇനിയുള്ള നാല് മാസങ്ങൾ അൾജീരിയയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. സിനിമ ചിത്രീകരണം പൂർത്തിയാക്കി ജൂൺ മാസത്തിലാണ് താരം തിരികെ നാട്ടിലെത്തുക.
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. സിനിമ ബെന്യാമിന്റെ ആടുജീവിതം എന്ന സിനിമയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് സിനിമയുടെ പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആഴത്തിലുള്ള കഥാപ്രമേയം കൊണ്ടുതന്നെ ‘ആടുജീവിതം’ എന്ന ചിത്രത്തെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബ്ലെസി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സംഗീത മാന്ത്രികന് എ ആര് റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കാല്‍നൂറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷം എ ആര് റഹ്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
അതേസമയം ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി വലിയ രൂപമാറ്റമായിരുന്നു താരം വരുത്തിയത്.
Story highlights: prithviraj resumes aadujeevitham shoot