ഇന്ത്യക്ക് അഭിമാന നേട്ടവുമായി നടൻ മാധവന്റെ മകൻ;ഡാനിഷ് ഓപ്പണിൽ നീന്തലിൽ സ്വർണ്ണം നേടി വേദാന്ത്
അച്ഛൻ അഭിനയമേഖലയിൽ താരമെങ്കിൽ മകൻ നീന്തലിലാണ് താരം. പറഞ്ഞുവരുന്നത് നടൻ മാധവന്റെയും മകൻ വേദാന്തിന്റെയും കാര്യമാണ്. നീന്തലിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച വേദാന്ത് ഇപ്പോഴിതാ, കരിയറിൽ മറ്റൊരു പൊൻതൂവൽകൂടി ചേർത്തിരിക്കുകയാണ്. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പണിലെ പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയിരിക്കുകയാണ് വേദാന്ത് മാധവൻ. പ്രാദേശിക നീന്തൽ താരം അലക്സാണ്ടർ എൽ ബിജോണിനെ 0.10-ന് മറികടന്നാണ് വേദാന്ത് നേട്ടം കൈവരിച്ചത്.
നടന്നുകൊണ്ടിരിക്കുന്ന മീറ്റിൽ പങ്കെടുത്ത മൂന്ന് ഇവന്റുകളിലും ഈ മിടുക്കൻ തന്റെ വ്യക്തിഗത മികച്ച സമയം മെച്ചപ്പെടുത്തി. വെള്ളിയാഴ്ച 1500 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ വെള്ളി മെഡൽ നേടിയിരുന്നു വേദാന്ത്. 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ഇതോടെ 12 ആം സ്ഥാനത്തെത്തി.
കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ 16 വയസ്സുള്ള മകൻ വേദാന്ത് സ്വിമ്മിങ്ങിൽ ഏഴ് മെഡലുകളാണ് സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് വേദാന്ത് ഏഴ് മെഡലുകൾ നേടിയത്.
സമൂഹമാധ്യമങ്ങളിൽ വേദാന്തിന് അഭിനന്ദന പ്രവാഹമാണ്. മാതൃക അച്ഛൻ-മകൻ ജോഡി എന്നാണ് വേദാന്തിനെയും മാധവനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. 2019-ൽ ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമടക്കമാണ് വേദാന്ത് കരസ്ഥമാക്കിയത്.
Read Also: സ്കർട്ടണിഞ്ഞ് ന്യൂയോർക്ക് തെരുവിൽ അതിമനോഹരമായ നൃത്തവുമായി ചെറുപ്പക്കാരൻ- കൈയടി നേടിയ പ്രകടനം
അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു.
2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്‌ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.
Story highlights- R Madhavan’s son Vedaant Madhavan wins gold medal at Danish Open swimming event