രവിതേജയുടെ നായികയായി രജിഷ വിജയൻ- തെലുങ്കിലും താരമാകാൻ നടി

April 7, 2022

നടൻ രവി തേജയുടെ നായികയായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നടി രജിഷ വിജയൻ. രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രം തിയേറ്ററിൽ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 17 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ആദ്യ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്ററും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി രജിഷ വിജയൻ.

‘ഏറ്റവും മികച്ച ചിലതുമായി തെലുങ്കിലെ എന്റെ ആദ്യ യാത്ര! ചിത്രത്തിലെ ആദ്യ സിംഗിൾ ഏപ്രിൽ 10-ന് പുറത്തിറങ്ങുമെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! രവി ഗാരൂ, നിങ്ങളോടൊപ്പം ഈ ഗാനം ചിത്രീകരിച്ചത് വളരെ രസകരമാണ്!’- രജിഷ വിജയൻ കുറിക്കുന്നു.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലർ എന്ന നിലയിൽ, രാമറാവു ഓൺ ഡ്യൂട്ടി സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മാണ്ഡവയാണ്. സുധാകർ ചെറുകൂരിയുടെ SLV സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ ഐഎസ്‌സിയും ചിത്രസംയോജനം പ്രവീൺ കെ എൽ നിർവഹിച്ചിരിക്കുന്നു. സാം സിഎസ് സൗണ്ട് ട്രാക്ക് സ്‌കോർ ചെയ്തിരിക്കുന്നു. ദിവ്യാഷ കൗശിക്, വേണു തോട്ടുമ്പുടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

read Also: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ഓരോ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അതേസമയം  ‘പകലും പാതിരാവും’ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രത്തിൽ കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു നടി. ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. കാർത്തിയുടെ നായികയായി സർദാറിൽ വേഷമിടാൻ ഒരുങ്ങുകയാണ് താരം.

Story highlights- Ravi Teja-Rajisha Vijayan starrer Ramarao On Duty