‘എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ..’-മഞ്ജു വാര്യരെ ചേർത്തണച്ച് സീമ

മലയാള സിനിമ എഴുപതുകളുടെ മധ്യത്തിലായിരുന്നപ്പോൾ സജീവമായിരുന്ന ബോൾഡ് നടിമാരിൽ ഒരാളാണ് സീമ. ആദ്യ ചിത്രമായ അവളുടെ രാവുകൾ മുതൽ തന്നെ അനേകംവെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾക്ക് അവർ ജീവൻ നൽകി. ഐ വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു അവളുടെ രാവുകൾ. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർക്കൊപ്പം സ്‌ക്രീൻ പങ്കിട്ടു, സംവിധായകൻ ഐ വി ശശിയുടെ ജീവിതപ്പാതിയായി. ഇപ്പോഴും അഭിനയലോകത്ത് സജീവമായി തുടരുകയാണ് സീമ.
ഇപ്പോഴിതാ, ഐ വി ശശി പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള സീമയുടെ ഒരു മനോഹര നിമിഷം ശ്രദ്ധനേടുകയാണ്. പുതുതലമുറയിലെ നായികമാരെ കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയിൽ നിന്ന മഞ്‌ജു വാര്യരെ ചേർത്തുപിടിച്ചുകൊണ്ട് ‘എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുകുട്ടിയെ’ എന്ന് പറഞ്ഞുകൊണ്ട് ചുംബിക്കുകയാണ് സീമ.
അതിനോടൊപ്പം തന്നെ വേദിയിലുണ്ടായിരുന്ന മറ്റു നായികമാരായ അന്ന ബെൻ, മിയ എന്നിവരെയും ചേർത്തുനിർത്തി അനുഗ്രഹം നൽകുകയാണ് നടി. നൃത്തം ഇഷ്ടപ്പെട്ടിരുന്ന എന്നാൽ നഴ്‌സ് ആകാൻ ആഗ്രഹിച്ചിരുന്ന ശാന്തി എന്ന പെൺകുട്ടിയായിരുന്നു സീമ. എ കെ ചോപ്രയുടെ കൂടെ കൊറിയോഗ്രാഫറായാണ് സീമ തുടക്കമിട്ടത്. നർത്തകിയായി പ്രവർത്തിക്കുമ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാൻ ആളുകൾ സീമയെ വിളിക്കാറുണ്ടായിരുന്നു. അന്ന് അഭിനയിക്കാൻ താല്പര്യമില്ലാതിരുന്ന സീമ അമ്മയുടെ നിർബന്ധത്തെ തുടർന്നാണ് അഭിനയ ലോകത്തേക്ക് എത്തിയത്. അങ്ങനെ ശാന്തി സീമയായി മാറി.
ഭർത്താവ് ഐ വി ശശി സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ അക്കാലത്തെ ഒരു ബോൾഡ് ചിത്രമായിരുന്നു.സീമ ഏറ്റെടുത്ത ഈ വേഷം പല നായികമാരും നിരസിച്ചതായി ഐ വി ശശി തന്നെ പറഞ്ഞിട്ടുണ്ട്.വളരെ വേഗം നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയുടെ രാജ്ഞിയായി സീമ പിന്നീട് മാറി. ഇന്നല്ലെങ്കിൽ നാളെ, അനുബന്ധം, അങ്ങാടി, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, സന്ധ്യക്ക് വിരിഞ്ഞ പൂവ് ഇവയെല്ലാം സീമ അനശ്വരമാക്കിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്.
Story highlights- seema and manju warrier cute moment