“ചിത്രത്തിനായി മാരക വെയ്റ്റിങ്ങിലാണെന്ന് പൃഥ്വിരാജിനോട് പറഞ്ഞിരുന്നു..”; തന്റെ ഇഷ്‌ട ചിത്രത്തെ പറ്റി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി

April 29, 2022

കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഇപ്പോൾ മലയാള സിനിമയെ പറ്റിയും മലയാളത്തിലെ തന്റെ ഇഷ്‌ട ചിത്രത്തെ പറ്റിയും ശ്രീനിധി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ലൂസിഫർ ആണ് ഏറ്റവും ഇഷ്ടപെട്ട മലയാള ചിത്രമെന്നാണ് ശ്രീനിധി പറയുന്നത്. ലൂസിഫറിന്റെ കടുത്ത ആരാധികയാണ് താനെന്നും ചിത്രത്തിന്റെ അടുത്ത ഭാഗമായ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലാണെന്നും ശ്രീനിധി പറഞ്ഞു. കെജിഎഫിന്റെ ട്രെയ്‌ലർ ലോഞ്ചിനായി നടൻ പൃഥ്വിരാജ് വന്നപ്പോൾ എത്രയും പെട്ടെന്ന് എമ്പുരാൻ റിലീസ് ചെയ്യൂ എന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും ചിത്രത്തിന്റെ വർക്കുകൾ നടക്കുകയാണെന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ശ്രീനിധി കൂട്ടിച്ചേർത്തു.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാരുടെയൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും ശ്രീനിധി വ്യക്തമാക്കി. മലയാള സിനിമയെ താൻ വളരെ സ്നേഹിക്കുന്നുണ്ടെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട കുറെയേറെ സിനിമകൾ മലയാളത്തിൽ നിന്നുള്ളതാണെന്നും ശ്രീനിധി പറഞ്ഞു.

Read More: ‘ലെൻസിന് പിന്നിൽ സീനിയർ നിൽക്കുമ്പോൾ..’-മമ്മൂട്ടി പകർത്തിയ ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

അതേ സമയം ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് ‘കെജിഎഫ് 2’ ഇപ്പോഴും പ്രദർശനം തുടരുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: Sreenidhi shetty says that lucifer is her favourite movie