മനുഷ്യനെപ്പോലെ ഫോണിന് അഡിക്റ്റ്; ഗൊറില്ലയുടെ സ്ക്രീൻ സമയം വെട്ടിക്കുറച്ച് അധികൃതർ

ഫോണിലും ലാപ്ടോപ്പിലുമൊക്കെ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ആളുകളോട് സംസാരിക്കാൻ പോലും മറന്ന് സ്ക്രീനിൽ കൂടുതൽ സമയം ചിലവിടുന്ന നിരവധി മനുഷ്യരെ നാം കാണാറുണ്ട്. എന്നാൽ മനുഷ്യനെപ്പോലെ ഫോണിന് അഡിക്റ്റായി മാറിയ ഒരു ഗൊറില്ലയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിക്കാഗോയിലെ ലിങ്കൺ പാർക്ക് സൂവിലെ അമരെ എന്ന ഗൊറില്ലയാണ് ഫോണിന് അഡിക്റ്റായി മാറിയത്. എന്നാൽ ഗൊറില്ല ഫോണിന് അഡിക്റ്റായതോടെ അമരെയുടെ സ്ക്രീൻ ടൈം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് മൃഗശാല അധികൃതർ.
മൃഗശാലയിൽ എത്തുന്ന ആളുകൾ തന്നെയാണ് അമരെയെ ഫോണിന് അഡിക്റ്റാക്കി മാറ്റിയതും. അവിടെ എത്തുന്ന സന്ദർശകരിൽ പലരും ആദ്യമൊക്കെ ഒരു കൗതുകത്തിന് ഫോണിലെ ചിത്രങ്ങൾ ഗൊറില്ലയെ കാണിച്ചുതുടങ്ങി. ചിത്രത്തിൽ കൗതുകത്തോടെ നോക്കിയിരിക്കുന്ന ഗൊറില്ല പതിയെ പതിയെ ഇതിന് അഡിക്റ്റായി മാറുകയായിരുന്നു. ഫോണിലെ വെളിച്ചത്തിലേക്ക് കൗതുകത്തോടെ നോക്കിയിരിക്കുന്ന ഗൊറില്ലയെ ആക്രമിക്കാൻ കഴിഞ്ഞ ദിവസം മറ്റൊരു മൃഗം എത്തിയിരുന്നു. ഇത് പോലും അറിയാതിരുന്ന അമരെയെ കണ്ടതോടെയാണ് അമരെയുടെ ഫോൺ സമയം വെട്ടിക്കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
ഫോണിന്റെ ഉപയോഗം അമിതമായതോടെ മറ്റ് മൃഗങ്ങളുമായി ചങ്ങാത്തം കൂടാനും പോകാതെ ആയി അമരെ. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അമരെയുടെ കൂടിന് ചുറ്റിനും കയറുപയോഗിച്ച് കെട്ടാനും അധികൃതർ തീരുമാനിച്ചു. അതിന് പുറമെ അമരെയെ ഫോൺ കാണിക്കുന്നതിൽ നിന്നും ആളുകളെ വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. പതിയെ പതിയെ സ്ക്രീൻ ടൈം കുറച്ചുകൊണ്ട് ഗൊറില്ലയുടെ ഫോൺ ഉപയോഗം നിർത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അതേസമയം മനുഷ്യന്റെ ഇത്തരം ദുശീലങ്ങളിലേക്ക് മൃഗങ്ങളെയും വലിച്ചിഴയ്ക്കുന്നതിനെതിരെ നിരവധി വിമർശനങ്ങളും സോഷ്യൽ ഇടങ്ങളിൽ ഉയരുന്നുണ്ട്.
Story highlights: This Gorilla Is Addicted To Smartphones