ഇവിടെ പുസ്തകങ്ങൾക്ക് കാവലായി വവ്വാലുകൾ; ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറിയുടെ പ്രത്യേകതകൾ…
പുസ്തകങ്ങൾക്ക് കാവലായി വവ്വാലുകൾ- തലവാചകം വായിക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ പറഞ്ഞുവരുന്നത് പുരാതന പുസ്തകങ്ങളും കൈയെഴുത്ത് മാസികകളുമൊക്കെ സൂക്ഷിക്കുന്ന പോർച്ചുഗീസിലെ ഒരു ലൈബ്രറിയെക്കുറിച്ചാണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ ഷെൽഫുകൾക്ക് പിന്നിൽ ഒന്നല്ല ഒട്ടനവധി വവ്വാലുകളാണ് താമസമാക്കിയിരിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രം പുറത്തേക്ക് വരുന്ന ഇവയെ ഈ ലൈബ്രറിയുടെ കാവൽക്കാർ എന്ന് വിളിക്കുന്നതിന് പിന്നിലുമുണ്ട് കാരണങ്ങൾ. ഇവ ഒരു രീതിയിൽ പറഞ്ഞാൽ ഇവിടുത്തെ പുസ്തകങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പുസ്തകത്താളുകളും മറ്റും കേടുവരുത്തുന്ന പ്രാണികളെയും മറ്റും ഇവ ഭക്ഷണമാക്കുന്നു. അങ്ങനെ പുസ്തകങ്ങളുടെ സംരക്ഷണം ഇവ ഉറപ്പുവരുത്തുന്നു.
രാത്രികാലങ്ങളിൽ മാത്രമാണ് ഈ വവ്വാലുകൾ പുറത്തേക്ക് വരുന്നത്. അതിനാൽ ഇവിടെത്തുന്ന വായനക്കാർക്കും സന്ദർശകർക്കും ഇവ ഒരുതരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കാറില്ല. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ലൈബ്രറികളിൽ ഒന്ന് കൂടിയാണ് സോഫിയ സർവകലാശാലയിലെ ജോവാനിന എന്ന ലൈബ്രറി.
അതേസമയം ജോവാനിന ലൈബ്രറിയിൽ വവ്വാലുകൾ എന്ന് മുതലാണ് താമസമാക്കിയത് എന്ന കാര്യത്തിൽ ഇതുവരെ ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ല. വർഷങ്ങളുടെ പഴക്കമുള്ള ഈ ലൈബ്രറി തുറന്നത് മുതൽ ഈ വവ്വാലുകൾ ഇവിടെ ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ജോവാനിന ലൈബ്രറി 1725 -ന് മുമ്പ് നിർമ്മിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. അവിടെയുള്ള രേഖകൾ പറയുന്നത് പ്രകാരം കുറഞ്ഞത് 1800- കൾ മുതലെങ്കിലും വവ്വാലുകൾ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
Read also: തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്
വവ്വാലുകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങുന്നതിനാൽ ഇവിടെത്തുന്നവർക്ക് ഇവയെ കാണാൻ സാധിക്കാറില്ല. വവ്വാലുകൾക്ക് ആളുകളുടെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനായി രാത്രിയാകുന്നതിന് മുൻപ് തന്നെ ഈ ലൈബ്രറികൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്യുന്നു. എന്നിരുന്നാലും വവ്വാലുകൾ വീഴ്ത്തുന്ന കാഷ്ഠത്തെ കുറിച്ച് അധികൃതർ ആശങ്കാകുലരാണ്, ഇതിന് പരിഹാരമായി വൈകുന്നേരം പോകുന്നതിന് മുൻപായി പുസ്തകഷെൽഫുകൾ ഇവർ മൃഗങ്ങളുടെ തോലുകൊണ്ടുള്ള മാറ്റുകൾ ഉപയോഗിച്ച് പൊതിയും, രാവിലെ എത്തിയാലുടൻ ഇവ മാറ്റുകയും ചെയ്യും.
Story highlights: This Library is Infested With Bats