100 ദിനം തികച്ച് ‘മേപ്പടിയാൻ’; ഒപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നിർമിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മേപ്പടിയാൻ.’ നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്. ജനുവരി 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്.
ഇപ്പോൾ തിയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം 100 ദിനം പൂർത്തിയാക്കിയതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒപ്പം താൻ നിർമിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
‘ഷെഫീക്കിന്റെ സന്തോഷം’ എന്നാണ് ഉണ്ണി മുകുന്ദൻ ഫിലിംസ് പുതിയതായി നിർമിക്കാൻ പോവുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
Read More: ഇന്ത്യൻ സിനിമയിലെ മറ്റൊരു വിസ്മയമായി കെജിഎഫ് 2- പ്രേക്ഷക പ്രതികരണം ഇങ്ങനെ
നേരത്തെ ‘മേപ്പടിയാൻ’ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന് ഒന്നാമതെത്തിയത്. കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടില് നിന്നും ഉണ്ണി മുകുന്ദനും സംവിധായകന് വിഷ്ണു മോഹനും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Story Highlights: Unni mukundan announces next production venture