ഒടുവിൽ ആ സ്വപ്നം സഫലമാകുന്നു; പ്രിയനടനൊപ്പം വേഷമിടുന്ന സന്തോഷം പങ്കുവെച്ച് രശ്മിക മന്ദാന
വംശി പൈഡിപ്പള്ളിക്കൊപ്പമുള്ള ദളപതി വിജയ്യുടെ അടുത്ത ചിത്രത്തിന് തുടക്കമായിരിക്കുകയാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ ചെന്നൈയിൽ ഔപചാരിക പൂജാ ചടങ്ങുകളോടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ചിത്രം ലോഞ്ച് ചെയ്യുകയായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയും രശ്മിക മന്ദാനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. രശ്മിക ആദ്യമായി വിജയ്ക്കൊപ്പം വേഷമിടുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷവും വിജയ്യ്ക്കൊപ്പം അഭിനയിക്കുന്നതിലുള്ള ആവേശവും പങ്കുവയ്ക്കുകയാണ് രശ്മിക ഇപ്പോൾ ചിത്രങ്ങളിലൂടെ.
ഏപ്രിൽ 5 ന് രശ്മിക മന്ദാനയുടെ ജന്മദിനത്തിലാണ് വിജയ് ചിത്രത്തിൽ നായികയായി നടിയെ പ്രഖ്യാപിച്ചത്. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
‘ഇത് മറ്റെന്തോ പോലെ തോന്നുന്നു..വർഷങ്ങളായി ഞാൻ സാറിനെ നിരീക്ഷിക്കുന്നു, ഒടുവിൽ അന്നുമുതൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുകയാണ്.. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുക, അദ്ദേഹത്തോട് സംസാരിക്കുക.. എല്ലാം..!’- രശ്മിക കുറിക്കുന്നു.
ദളപതി 66 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയുടെ 66-ാമത്തെ ചിത്രമാണ്. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
Read Also: തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്
അതേസമയം, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം വരാനിരിക്കുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദളപതി വിജയ്. പൂജ ഹെഗ്ഡെ നായികയാകുന്നൻ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. യാഷിന്റെ കെജിഎഫ്: ചാപ്റ്റർ 2-നൊപ്പം ബീസ്റ്റ് ഏപ്രിൽ 13-ന് ബിഗ് സ്ക്രീനുകളിൽ എത്തും.
Story highlights- Vijay & Rashmika Mandanna starrer begins