ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് വില്പനയ്ക്ക്…

April 20, 2022

ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അത്തരക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒരിടമുണ്ട് വാഷിങ്ടൺ കൗണ്ടിയിലെ വൊഹോവ ബേയിൽ. ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വീടെന്നാണ് ഇത് അറിയപ്പെടുന്നതും. വിജനമായ ഒരു ചെറുദ്വീപിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ വീട് ഇപ്പോൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. അതേസമയം ഏറെ പരിമിതമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇവിടെ താമസിക്കാനാകൂ. പൂർണമായും തടിയിലാണ് ഈ വീടിന്റെ നിർമാണം. അത്യാധുനിക സജ്ജീകരണങ്ങൾ ഇല്ലെങ്കിലും ആവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. അതിനൊക്കെ പുറമെ ഈ വീട്ടിൽ താമസിക്കുന്നവർക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നുക ഇവിടെ ബാത്റൂം സൗകര്യം ഇല്ല എന്നുള്ളതാണ്.

ഈ വീട്ടിൽ താമസത്തിനെത്തിയാൽ ബാത്‌റൂമിൽ പോകണമെങ്കിൽ ഇവിടെ നിന്നും കുറച്ചകലെ ഏതാനും മീറ്ററുകൾക്കപ്പുറമുള്ള ദ്വീപിന്റെ മറ്റൊരു ഭാഗത്ത് ചെല്ലണം. ഇത് രാത്രി കാലങ്ങളിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കാൻ കാരണമാകും. ഒരു കിടപ്പുമുറി മാത്രമേ ഈ വീടിനുള്ളു. എന്നാൽ വലിയൊരു ഹാളും അതിന്റെ ഒരു ഭാഗത്തായി കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്.ഇതേ ഹാളിൽ തന്നെയാണ് ലിവിങ് റൂമും ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്.

Read also: ജീവിതമാർഗം അച്ഛന്റെ പെട്ടിക്കടയിൽ നിന്നുള്ള വരുമാനം; സോഷ്യൽ മീഡിയയിലൂടെ പിതാവിന്റെ കച്ചവടം ഹിറ്റാക്കി മകൻ

അതേസമയം 2009 ൽ നിർമിച്ച ഈ വീട് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഈ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് ഏകദേശം രണ്ടരക്കോടിയോളം രൂപയാണ്. കടൽ കാഴ്ചകൾക്കൊപ്പം പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത് എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കാൻ ഒരു പ്രധാന കാരണമാണ്.

Story highlights: worlds loneliest house for sale